കാസർകോട്: ദേശീയപാത 66 ന്റെ ചെങ്കള മുതൽ തളിപ്പറമ്പ് വരെയുള്ള രണ്ട് റീച്ചിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള നടപടി വന്നേക്കും. ദേശീയപാത നിർമ്മാണത്തിന്റെ പേരിൽ വ്യാപകമായി മണ്ണെടുക്കുകയും കുന്നുകൾ അശാസ്ത്രീയമായി ഇടിക്കുകയും ചെയ്തതിനെ തുടർന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ ദുരന്തങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനടപടിക്ക് നീക്കം നടക്കുന്നത്.
ചെറുവത്തൂർ മയ്യിച്ചയിലുള്ള വീരമലക്കുന്ന് ഒന്നാകെ പിളർന്ന് ദേശീയപാതയിലേക്ക് വീഴുകയും കാർ, സ്കൂട്ടർ യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്ത സംഭവത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ ദുരന്തനിവാരണ അതോറിറ്റി കരാർ കമ്പനി ഗുരുതരമായ വീഴ്ച കാട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ തുടർച്ചയായി കമ്പനി ലംഘിച്ചിരുന്നു. ദേശീയപാത അതോറിറ്റിയും വിഷയം ഗൗരവത്തിൽ എടുത്തിരുന്നില്ലെന്ന് എം.രാജഗോപാലൻ എം.എൽ.എയും കുറ്റപ്പെടുത്തുന്നു.
ആവർത്തിക്കുന്ന കുന്നിടിച്ചൽ
വീരമലയിലും മട്ടലായിയിലും തെക്കിലിലും ബേവിഞ്ചയിലും അടക്കം കാസർകോട് ജില്ലയിലെ നിരവധി സ്ഥലങ്ങളിൽ കുന്നുകൾ ഇടിഞ്ഞ് താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. തികച്ചും അശാസ്ത്രീയമായാണ് ദേശീയപാതയുടെ നിർമ്മാണവും മണ്ണെടുപ്പും നടക്കുന്നതെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാവിലെ പത്തിനുണ്ടായ കുന്നിടിച്ചലിൽ ഭാഗ്യം കൊണ്ട് മാത്രമാണ് വൻദുരന്തമായി മാറാതിരുന്നത്. അപകടത്തിന് തൊട്ടുമുമ്പ് ബസുകളടക്കം ഇതുവഴി കടന്നുപോയിരുന്നു. വീരമലക്കുന്ന് നിരവധി തവണയാണ് ഇതിനകം ഇടിഞ്ഞത്. ഒരു തവണ മണ്ണിനടിയിലായ മൂന്ന് തൊഴിലാളികൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. തൊട്ടടുത്തുള്ള മട്ടലായി കുന്നിന് താഴെ മണ്ണടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികൾ മരിച്ചിരുന്നു. ബേവിഞ്ചയിലും മറ്റും മണ്ണിടിഞ്ഞ് ദേശീയപാതയിൽ ഗതാഗത സ്തംഭനം പതിവാണ്. റോഡിന് സമീപം താമസിക്കുന്ന കുടുംബങ്ങളുടെയും യാത്രക്കാരുടെയും ജീവൻ കൊണ്ട് പന്താടുകയാണ് നിർമ്മാണ കമ്പനിയെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. ബേവിഞ്ചയിൽ മണ്ണടിഞ്ഞുവീണ് ആഴ്ചകളോളമാണ് ഗതാഗതം തടഞ്ഞത്. മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന മണ്ണെടുപ്പും കുന്നിടിക്കലുമാണ് തുടർച്ചയായുള്ള അപകടങ്ങൾക്ക് കാരണമാകുന്നതെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു.
ഈ ഭാഗത്തെ ജനങ്ങൾ തുടർച്ചയായി ആശങ്ക പങ്കുവെക്കുകയാണ്. ജനങ്ങളുടെ പ്രയാസങ്ങൾ കണക്കിലെടുക്കാൻ ആരും ഒന്നും ചെയ്യുന്നില്ല. ഉത്തരവാദിത്വം നിർവ്വഹിക്കാൻ ജില്ലാഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല. നിർമ്മാണ കമ്പനിയെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ല. ജില്ലാ ഭരണകൂടത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും തുടർച്ചയായ വീഴ്ചകളാണ് അപകടം ആവർത്തിക്കാൻ ഇടയാക്കുന്നത്. ഈ റോഡ് ഇതേപോലെ തുടർന്നാൽ ഇനിയും അപകടം ഉണ്ടാകും. ചരിത്രപരമായ പ്രാധാന്യമുള്ള വീരമലക്കുന്നിന്റെ താഴ്‌വാരത്തിൽ നിന്ന് ദേശീയപാത തന്നെ മാറ്റണം.
മുകേഷ് ബാലകൃഷ്ണൻ ( സി.പി.ഐ ജില്ലാ നേതാവ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |