ചെറുവത്തൂർ: ദേശീയപാത നിർമ്മാണത്തിനായി തുരന്നതിനെ തുടർന്നുണ്ടായ മലയിടിച്ചലും പ്രശ്നങ്ങളും നേരത്തെ വീരമലയിൽ നേരത്തെ പ്രഖ്യാപിച്ച ടൂറിസം പദ്ധതിയെ പ്രതികൂലമായി ബാധിക്കുമോയെന്ന് ആശങ്ക. റോപ്പ് വേയടക്കം ഉൾപ്പെടുത്തിയുള്ള ആകർഷകമായ പദ്ധതിയാണ് വീരമലയിൽ ടൂറിസം വകുപ്പ് ആലോചിച്ചിരുന്നത്. പത്തു കോടി ചെലവിൽ പദ്ധതി നടപ്പാക്കാനായിരുന്ന ടൂറിസം വകുപ്പിന്റെ ആലോചന.
ഡച്ചുകാർ കൈവശം വച്ചിരുന്ന കുന്നിന് മുകളിലെ വിശാലതയും പടിഞ്ഞാറൻ തീരദേശത്തെ അസ്തമയ കാഴ്ചയും കിഴക്കൻ മലയോര മേഖലയിലെ ജൈവസമ്പന്നതയുടെയും മലചുറ്റി ഒഴുകുന്ന പുഴയുടെയും കാഴ്ചയുമടക്കം അതിമനോഹരമായ ഭാഗമാണ് വീരമലക്കുന്ന്.
നടപ്പാത, അമ്യൂസ് മെൻ്റ് പാർക്ക്, കളിസ്ഥലങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ ഇതിനോടനുബന്ധിച്ച് ഒരുക്കാനും ടൂറിസം വകുപ്പ് ആലോച്ചിരുന്നു. കടലിനഭിമുഖമായുളള വലിയപറമ്പും അനുബന്ധ ദ്വീപ് സമൂഹവും, അസ്തമനവും കായൽ കാഴ്ചയും അഴിമുഖവും അച്ചാംതുരുത്തിയിലെയും കോട്ടപ്പുറത്തെയും വഞ്ചിവീട് സർവ്വീസുമെല്ലാം വീരമല കുന്നിന്റെ വിളിപ്പാടകലെയാണ്. ഒറ്റ ട്രിപ്പിൽ ഈ മൂന്നു കേന്ദ്രങ്ങളിലെ പ്രകൃതി രമണീയത സന്ദർശിക്കാനും അധികം ദൂരമില്ലാതെ ബേക്കൽകോട്ടയുമെല്ലാം വലിയ ടൂറിസം സാദ്ധ്യത വീരമലയ്ക്ക് മുന്നിൽ തുറന്നിടുമെന്നായിരുന്നു നാട്ടുകാരുടെ വിശ്വാസം.
തേജസ്വിനിക്ക് കുറുകെ ആകാശസഞ്ചാരം
തൊട്ടടുത്ത നീലേശ്വരം നഗരസഭയുടെ പരിധിയിൽപ്പെടുന്ന ചീറ്റക്കാൽ കുന്നുമായി ബന്ധിപ്പിച്ച് റോപ്പ് വേയാണ് ടൂറിസം വകുപ്പ് ആലോച്ചിരുന്നത്. ഇതിലൂടെ തേജസ്വിനി പുഴക്ക് കുറുകെ ആകാശസഞ്ചാരം ഏറെ ആകർഷകമാകുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. കേരളത്തിൽ തന്നെ ഇത്രയും മനോഹാരിതയുള്ള കാഴ്ച അസുലഭമായിരിക്കുമെന്നും വകുപ്പ് കണക്കുകൂട്ടിയിരുന്നു. എന്നാൽ ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ മലയിടിച്ചതും അടിക്കടി ഉണ്ടാകുന്ന കുന്നിന്റെ ശോഷണവും പ്രദേശത്തിന്റെ സുരക്ഷിതത്വത്തെ ബാധിച്ചുതുടങ്ങിയതാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |