ഹരിപ്പാട് : തൃക്കുന്നപ്പുഴ കടൽത്തീരത്ത് വ്രതശുദ്ധിയോടെ ലക്ഷങ്ങൾ ബലിതർപ്പണം നടത്തി. പരശുരാമനാൽ പിതൃപൂജയ്ക്ക് പ്രാധാന്യം നൽകി പ്രതിഷ്ഠിക്കപ്പെട്ട തൃക്കുന്നപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ 3 ന് നടതുറന്നു. 4ന് തീരത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ 15 തന്ത്രിമാർ പിതൃപൂജയും തിലഹവനവും നടത്തി. തുടർന്ന് അപ്പം, അട, അരവണ വിതരണം നടന്നു. തീരത്ത് 40ൽൾരം പുരോഹിതന്മാരുടെ മേൽനോട്ടത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്. അഖില ഭാരത അയ്യപ്പ സേവാ സംഘം 301-ാം ശാഖ നേതൃത്വം നൽകി.
തൃക്കുന്നപ്പുഴയിലേക്ക് കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്ന് അധികസർവ്വീസ് നടത്തി . ഇന്നലെ വെളുപ്പിന് മുതൽ കടൽത്തീരത്തും ക്ഷേത്രത്തിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. നൂറ്റാണ്ടുകൾ പഴക്കമുള്ള തൃക്കുന്നപ്പുഴ ശ്രീധർമ്മാശാസ്താ ക്ഷേത്രം പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട അറബിക്കടലിലോട് ചേർന്ന ഏക ധർമ്മശാസ്താ ക്ഷേത്രമാണ്. ക്ഷത്രിയ നിഗ്രഹത്തിന് ശേഷം പരശുരാമൻ തൃക്കുന്നപ്പുഴ കടവിൽ ബലിതർപ്പണം നടത്തിയെന്നാണ് വിശ്വാസം. ബലിതർപ്പണ ശേഷം തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തിയ ഭക്തർ പിത്യപൂജയും തിലഹവനവും നടത്തിയ ശേഷമാണ് മടങ്ങിപ്പോയത്. തൃക്കുന്നപ്പുഴയിലെ പാലം പൊളിച്ചത് കാരണം ഇത്തവണ വാഹനങ്ങളിൽ എത്തിയവർ പാലത്തിന് കിഴക്ക് ഭാഗം വാഹനങ്ങൾ സൂക്ഷിച്ച ശേഷം താല്കാലികപാലത്തിൽ കുടി കാൽനടയായാണ് കടപ്പുറത്ത് എത്തിയത്. പാലത്തിൽ തിക്കുംതിരക്കും ഒഴുവാക്കുവാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ആറാട്ടുപുഴ, പല്ലന, തോട്ടപ്പള്ളി, കുമാരപുരം കവറാട്ട് ശ്രീ മഹാദേവ ക്ഷേത്രം, വീയപുരം ശ്രീധർമ്മശാസ്താക്ഷേത്രം, മുട്ടം ശ്രീരാമകൃഷ്ണാശ്രമം തുടങ്ങിയ ഇടങ്ങളിലും ബലിതർപ്പണം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |