കൊച്ചി: മത്സര ഓട്ടത്തിനിടെ പിന്നിലെ സ്വകാര്യ ബസ് ഇടിപ്പിച്ചുണ്ടായ അപകടത്തിൽ മുന്നിലെ സ്വകാര്യ ബസിലെ ഡ്രൈവർക്ക് പരിക്കേറ്റു. സംഭവത്തിൽ പിന്നിലെ ബസിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിൽ നിന്ന് തോപ്പുംപടിയിലേക്ക് സർവീസ് നടത്തുന്ന സെവൻസ് ബസിന്റെ ഡ്രൈവർ തേവയ്ക്കൽ സ്വദേശി സിൽവസ്റ്റർ ഹർഷലിനെ (50) ആണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലോടുന്ന സി.വി സൺസ് എന്ന ബസിന്റെ ഡ്രൈവർക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ചയായിരുന്നു സംഭവം. ഇരുബസുകളും പാലാരിവട്ടം ജംഗ്ഷനിൽ നിന്ന് കലൂർ ഭാഗത്തേക്ക് സർവീസ് നടത്തുന്നതിനിടെയാണ് സമയക്രമത്തെ ചൊല്ലി തർക്കമുണ്ടായത്. തുടർന്ന് സി.വി സൺസ് ബസിന്റെ ഡ്രൈവറുടെ സീറ്റിനോട് ചേർന്നുള്ള ഭാഗത്ത് സെവൻസ് ബസ് ഇടിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന ഗ്ലാസ് ചീളുകൾ ഡ്രൈവറുടെ കണ്ണിലേക്ക് തെറിച്ചു. പരിക്ക് സാരമുള്ളതല്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |