തകർന്നത് ഭാര്യയുടെ താലിമാല വരെ പണയപ്പെടുത്തി നിർമ്മിച്ച വീട്
ആലുവ: എടത്തല തേവക്കൽ കൈലാസ് നഗർ തിരുവല്ലം റോഡിൽ കത്താംപുറം വീട്ടിൽ ലൈജുവിന്, രണ്ടര വർഷം മുമ്പ് കഷ്ടപ്പെട്ട് നിർമ്മിച്ച കിടപ്പാടം മണ്ണിടിച്ചിലിൽ നഷ്ടമായി. ഭാര്യയുടെ കെട്ടുതാലിയും പ്ലസ് വൺ വിദ്യാർത്ഥിനിയായ ഏകമകളുടെ വളയും കമ്മലും വരെ വിറ്റും പണയപ്പെടുത്തിയും സ്വരുക്കൂട്ടിയ പണം കൊണ്ടാണ് വീട് നിർമ്മിച്ചത്. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ലൈജു പരക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും എല്ലാം നഷ്ടമായതിന്റെ വേദനയിലാണീ കുടുംബം.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 2 ഓടെയാണ് രണ്ടര സെന്റിലെ ലൈജുവിന്റെ കൊച്ചുവീടിന് പിന്നിലെ 14 അടിയിലേറെ ഉയരമുള്ള കുന്ന് ഇടിഞ്ഞത്. മണ്ണിടിഞ്ഞതിനെത്തുടർന്ന് കിടപ്പുമുറിയും അടുക്കളയും പൂർണമായി തകർന്നു. നിർമ്മാണ തൊഴിലാളിയായ ലൈജു ഉച്ചവരെ ജോലി ചെയ്ത ശേഷം മഴയായതിനാൽ വീട്ടിലേക്ക് പോരുകയായിരുന്നു. വീട്ടിൽ ഉറങ്ങുന്നതിനിടെ വലിയ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയപ്പോഴാണ് മണ്ണിടിഞ്ഞ് ഭിത്തി തകർന്നത്. ലൈജു കിടന്നുറങ്ങിയ മുറിയുടെ ഭിത്തി തകർന്ന് ലൈജു കിടന്ന കട്ടിലിൽ ഇടിച്ചാണ് നിന്നത്. ഈ സമയം ഭാര്യ മഞ്ജു മെഡിക്കൽ കോളേജിന് സമീപം ഗോഡൗണിൽ പാക്കിംഗ് ജോലിയിലും ഏകമകൾ അഞ്ജലി സമീപത്തെ ലൈജുവിന്റെ സഹോദരന്റെ വീട്ടിലുമായിരുന്നത് ഭാഗ്യമായി.
കടക്കെണിയിൽ, പ്രതീക്ഷ നഷ്ടപരിഹാരത്തിൽ
രണ്ടര സെന്റ് സ്ഥലത്ത് വീട് നിർമ്മിച്ചതിനാലും വീട്ടിലേക്കുള്ള വഴിക്ക് രണ്ട് അടി വീതി മാത്രമായതിനാലും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലൈജുവിന് വായ്പ ലഭിച്ചിരുന്നില്ല. ഇതേത്തുടർന്ന് ഭാര്യയുടെ താലി ഉൾപ്പെടെയുള്ള സ്വർണമെല്ലാം വിൽക്കുകയും പണയപ്പെടുത്തുകയും ചെയ്തു. മകളുടെ സ്വർണ്ണവും വിറ്റിരുന്നു. വീട് നിർമ്മാണത്തിനായി ഏകദേശം 18 ലക്ഷം രൂപയോളമാണ് ചെലവായത്. സ്വർണ്ണം പണയപ്പെടുത്തിയും അല്ലാതെയും ബാങ്കിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമെല്ലാമായി വായ്പ വാങ്ങിയ ഏഴ് ലക്ഷം രൂപ തിരിച്ചടക്കാനുണ്ട്. പണി കുറവായതിനാൽ കൃത്യമായി വായ്പ തിരിച്ചടക്കാൻ പ്രയാസപ്പെടുന്നതിനിടയിലാണ് കിടപ്പാടം തകർന്നത്.
സമീപത്തെ വീട്ടിൽ താമസം
ലൈജുവും കുടുംബവും നിലവിൽ സമീപത്തെ ബന്ധുവീട്ടലേക്ക് മാറി താമസിക്കുകയാണ്. എടത്തല പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. ഇന്ന് വില്ലേജ് ഓഫീസിലേക്ക് വരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മതിയായ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് ലൈജു പ്രതീക്ഷിക്കുന്നത്. മണ്ണിടിച്ചിലുണ്ടായ ഭൂമിയുടെ ഉടമ ഇടപ്പള്ളി ടോൾ ഭാഗത്തുള്ളവരാണെന്ന് മാത്രമെ ലൈജുവിന് അറിയൂ. ഫോൺ നമ്പർ ലഭ്യമല്ലാത്തതിനാൽ ഇവരെ ഇതുവരെ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |