കല്ലമ്പലം: സ്വകാര്യ വ്യക്തിയുടെ റബർ മരങ്ങൾ അങ്കണവാടി കെട്ടിടത്തിലേക്ക് ചാഞ്ഞ് അപകടാവസ്ഥയിലായിട്ടും നടപടിയില്ല. സുരക്ഷയില്ലാത്ത അങ്കണവാടിയിലേക്ക് കുരുന്നുകളെ അയയ്ക്കാൻ രക്ഷിതാക്കൾ ഭയക്കുകയാണ്. നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ 11 -ാം വാർഡിലുൾപ്പെട്ട ഡീസന്റ്മുക്കിലെ അങ്കണവാടിക്കാണ് ഈ ദുർഗതി. ശക്തമായ കാറ്റടിക്കുമ്പോൾ കൂറ്റൻ റബർ മരങ്ങൾ ആടിയുലഞ്ഞ് കെട്ടിടത്തിലുരസും. അപകടം ഉണ്ടാകുന്നതുവരെ കാത്തുനിൽക്കാതെ പഞ്ചായത്തധികൃതർ ഇടപെട്ട് മരങ്ങൾ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 15 ഓളം കുട്ടികൾ പഠിക്കുന്ന അങ്കണവാടി അപകടം മുന്നിൽക്കണ്ട് കഴിഞ്ഞ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. നാവായിക്കുളം പഞ്ചായത്ത് 2015-16 പദ്ധതിയിലുൾപ്പെടുത്തി 7ലക്ഷം രൂപ അനുവദിച്ചതോടെയാണ് അങ്കണവാടി പുതിയ കെട്ടിടം നിർമ്മിച്ചതും 2018ൽ പ്രവർത്തനം ആരംഭിച്ചതും. തുടർന്ന് വേണ്ട രീതിയിൽ കെട്ടിടവും പരിസരവും പരിപാലിക്കാതെ മരങ്ങളുടെ ഇലകൾ വീണും പായൽ പിടിച്ചും ചെളി കയറിയും നാശമായി. മരങ്ങളുടെ ഇലകൾ കെട്ടിടത്തിന് മുകളിൽ വീണ് ഓവ് അടഞ്ഞ് വെള്ളം കെട്ടി നിൽക്കുന്നത് മൂലം കെട്ടിടത്തിന് ചോർച്ചയുമുണ്ട്. വലിയ പഴക്കമില്ലാതെ കെട്ടിടം അധികൃതരുടെ അനാസ്ഥ മൂലമാണ് നശിച്ചുകൊണ്ടിരിക്കുന്നത്.
അപകടാവസ്ഥയിൽ വൈദ്യുതി പോസ്റ്റും
അങ്കണവാടിയുടെ പ്രവേശന കവാടത്തിനോട് ചേർന്നുള്ള മരത്തിലെ വൈദ്യുതി പോസ്റ്റ് മൂട് ദ്രവിച്ച് ഏതുനിമിഷവും ഓടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. കിണറിന്റെ കൈവരിക്ക് ഒരടിയോളം മാത്രമാണ് ഉയരം. ഇരുമ്പ് കമ്പികൊണ്ട് ഗ്രില്ലടിച്ച് കിണർ മൂടിയിട്ടുണ്ടെങ്കിലും മദ്ധ്യ ഭാഗത്തെ അടപ്പ് കൂടുതൽ സമയങ്ങളിലും തുറന്ന നിലയിലാണ്. കിണറിന്റെ പരിസരം മുഴുവൻ പായലും ചെളിയും നിറഞ്ഞ് തെന്നിവീഴുന്ന അവസ്ഥയിലാണ്. പഞ്ചായത്തിന്റെ അനാസ്ഥ മൂലമാണ് അങ്കണവാടിയുടെ പ്രവർത്തനം നിലച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
പ്രതികരണം
കുട്ടികൾക്ക് നല്ല അന്തരീക്ഷത്തിലിരുന്ന് പഠിക്കാൻ അങ്കണവാടി വൃത്തിയോടെ പരിപാലിക്കണം. അപകടകരമായ രീതിയിലുള്ള മരങ്ങൾ മുറിച്ചു മാറ്റേണ്ടതും അത്യന്താപേക്ഷിതമാണ്. അധികൃതരും അങ്കണവാടി ജീവനക്കാരും ശാശ്വത പരിഹാരം കാണണം.
നാസിം (ഡീസന്റ്മുക്ക് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |