കുമരകം : കുമരകം - മുഹമ്മ ജലപാതയിൽ ആവശ്യത്തിന് സിഗ്നൽ ബോയകൾ ഇല്ലാത്തത് ബോട്ടുകളുടെ യാത്രയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. ദിശ വ്യക്തമാക്കാനുള്ള ബോയകളുടെ കുറവ് വഴിതെറ്റുന്നതിന് ഇടയാക്കുമെന്ന് ജീവനക്കാർ ആരോപിച്ചു. മുഹമ്മ - കുമരകം ജലപാതയിൽ കായൽ മദ്ധ്യേ ഒരു എമർജൻസി ബോട്ട് ജെട്ടി സ്ഥാപിക്കണമെന്നത് ജീവനക്കാരും യാത്രക്കാരും കാലാകാലങ്ങളായി ആവശ്യപ്പെടുന്നതാണ്. യാത്രാവേളയിൽ എന്തെങ്കിലും അപകടമോ അടിയന്തരസാഹചര്യമോ ഉണ്ടായാൽ ബോട്ട് കെട്ടിയിടാൻ പോലും സംവിധാനമില്ല. മുഹമ്മ -കുമരകം ജലപാതയിൽ നിലവിൽ ഏഴ് സിഗ്നൽ ബോയകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവയിൽ രണ്ട് ബോയകൾ ബോട്ട് ചാലിൽ നിന്ന് മാറിക്കിടക്കുകയാണ്. 12 കിലോമീറ്ററോള്ളം ദൂരമുള്ള ജലപാതയിൽ പത്തു ബോയകളെങ്കിലും ആവശ്യമാണ്
ബോയകളുടെ കുറവ് ദിശ അറിയാതെ ബോട്ടുകൾ വേമ്പനാട്ടുകായലിൽ ചുറ്റാൻ കാരണമാകുന്നു.
വെളിച്ചമില്ല, രാത്രി യാത്ര കഠിനം
കുമരകം കായൽ തീരത്തെ കുരിശടി ഭാഗത്തെ ലൈറ്റ് തെളിയാത്തതിനാൽ കായലിലൂടെയുള്ള രാത്രി ബോട്ട് യാത്ര അപകടഭീഷണിയാകുകയാണ്. കുമരകം ഭാഗത്തെ കരയിലേക്ക് ബോട്ടിനു അടുക്കാൻ ദിശ കാണിച്ചിരുന്ന ലൈറ്റാണ് അണഞ്ഞത്. ലൈറ്റിന്റെ പ്രകാശം കണ്ടാണ് ബോട്ട് ലക്ഷ്യസ്ഥാനത്തെത്തിയിരുന്നത്. മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികൾക്കും ഇത് സഹായകമായിരുന്നു. മുഹമ്മയിൽ നിന്ന് വരുന്ന ബോട്ട് ലക്ഷ്യം തെറ്റി കുമരകം ബോട്ട് ജെട്ടി തീരത്ത് അടുക്കാതെ മറ്റ് സ്ഥലങ്ങളിൽ പോയ സംഭവവുണ്ടായിട്ടുണ്ട്. പുതിയ ജീവനക്കാർക്കാണ് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |