തളിപ്പറമ്പ്: മണ്‌ഡലം കോൺഗ്രസിലെ ആഭ്യന്തരപ്രശ്നം പരിഹരിക്കാൻ ഡി.സി.സിയുടെ നിർദേശപ്രകാരം നടന്ന ചർച്ച പരാജയപ്പെട്ടതോടെ തളിപ്പറമ്പിൽ രണ്ടും കല്പിച്ച് വിമതവിഭാഗം. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ നഗരസഭയുടെ വിവിധ വാർഡുകളിൽ മത്സരിക്കുമെന്ന ഭീഷണിയുയർത്തിയാണ് ഇവരുടെ നീക്കം.പാർട്ടിയുമായി ഉടക്കി നിൽക്കുന്ന മുൻ മണ്ഡലം പ്രസിഡന്റുമാരായ സി.സി.ശ്രീധരൻ, അഡ്വ.സക്കരിയ കായക്കൂൽ, പട്ടുവം രവി എന്നിവരുമായി ഡി.സി.സി ജനറൽ സെക്രട്ടറിയായ ടി.ജനാർദനനാണ് ചർച്ച നടത്തിയത്.
പാർട്ടിയിൽ സജീവമായതിന് ശേഷം ബാക്കി കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന ഡി.സി.സിയുടെ നിർദ്ദേശം അനുസരിക്കാൻ വിമതർ തയ്യാറായില്ല നഗരസഭ വാർഡ് വിഭജനത്തോടെ ഭരണം നഷ്ടപ്പെടുമോയെന്ന ആശങ്കക്കിടയിലാണ് പ്രശ്‌നത്തിൽ ഇടപെടാൻ ഡി.സി.സി തയ്യാറായത്. ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ തുടർന്ന് മുൻ മണ്ഡലം പ്രസിഡന്റ് സി.സി.ശ്രീധരന്റെ വീട്ടിൽ വിമതവിഭാഗം യോഗം ചേരുകയായിരുന്നു. ഈ യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, നഗരസഭ കൗൺസിലർ സി.പി.മനോജ്, മുൻ മണ്ഡലം പ്രസിഡന്റുമാരായ പട്ടുവം രവി, അഡ്വ.സക്കരിയ കായക്കൂൽ തുടങ്ങി 23 പേർ യോഗത്തിൽ പങ്കെടുത്തതായാണ് വിവരം.
പ്രശ്നം കത്തിച്ചത് മണ്ഡലം വിഭജനം, സസ്പെൻഷൻ
നേരത്തെ തളിപ്പറമ്പ് മണ്ഡലം വിഭജിച്ച് ഈസ്റ്റ്-വെസ്റ്റ് മണ്‌ഡലം കമ്മിറ്റികൾ രൂപീകരിച്ചതോടെയാണ് പ്രശ്നങ്ങളുണ്ടായത്. പിന്നീട് ഡി.സി.സി ഈ രണ്ട് കമ്മിറ്റികളും ചേർത്ത് ഒറ്റ കമ്മിറ്റിയാക്കി മാറ്റി. ഇതിനിടെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയണമെന്ന നിർദ്ദേശം അവഗണിച്ച നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭനെ പാർട്ടിയിൽ നിന്ന് സസ്പെൻഡും ചെയ്തു. ഇതോടെ ഇദ്ദേഹത്തെ അനുകൂലിക്കുന്ന മുൻ മണ്‌ഡലം പ്രസിഡന്റുമാർ, മണ്ഡലം ഭാരവാഹികൾ, നഗരസഭകൗൺസിലർ ഉൾപ്പെടെയുള്ളവർ പാർട്ടി പ്രവർത്തനത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |