തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി എതാനും മാസങ്ങൾ മാത്രം അവശേഷിക്കെ അണിയറ പ്രവർത്തനങ്ങൾ സജീവമാക്കി രാഷ്ട്രീയ പാർട്ടികൾ. കഴിഞ്ഞ ദിവസം കരട് വോട്ടർ പട്ടിക പുറത്തിറക്കിയതോടെ പട്ടികയിൽ ഇടം നേടാത്തവരുടെ പേരുകൾ കണ്ടെത്തി ചേർക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പ്രവർത്തകർ. കഴിഞ്ഞ തവണ മികച്ച നേട്ടം കൊയ്യാൻ എൽ.ഡി.എഫിന് സാധിച്ചിരുന്നു. വാർഡ് വിഭജനം വന്നതോടെ വാർഡുകളുടെ ഘടനകളെ കുറിച്ച് പ്രവർത്തകരിൽ പൂർണമായും വ്യക്തത വന്നിട്ടില്ല. നാമമാത്ര പഞ്ചായത്തുകളിലൊഴികെ എല്ലായിടത്തും വാർഡുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. വാർഡുകളുടെ പേരുകളിലും മാറ്റം വന്നിട്ടുണ്ട്. അതാത് തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കുന്നവർക്ക് അനുകൂലമാകുന്ന തരത്തിലാണ് വിഭജനം നടത്തിയിരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
പേര് ചേർക്കൽ തകൃതി
എൽ.ഡി.എഫും യു,ഡി.എഫും എൻ.ഡി.എയും തങ്ങൾക്ക് ഉറപ്പിക്കാവുന്ന വോട്ടുകൾ ചേർക്കുകയാണ് ആദ്യം ചെയ്യുന്നത്. എല്ലാവരും ദിവസവും മേൽഘടകങ്ങളിലേക്ക് റിപ്പോർട്ട് നൽകണമെന്നാണ് അറിയിപ്പ്. വാർഡ് വിഭജനം വന്നതോടെ സിറ്റിംഗ് സീറ്റുകളുടെ ഘടനകളിൽ തന്നെ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ട് കരട് പട്ടികയിൽ ഉൾപ്പെടാതെ പോയത് ആരൊക്കെ എന്ന കാര്യത്തിൽ പ്രവർത്തകർക്ക് ആശങ്കയുണ്ട്.
ബൂത്ത് തലം മുതൽ സമരങ്ങളുമായി പാർട്ടികൾ
ജനങ്ങളുടെ ഇടയിൽ സ്വാധീനം ചെലുത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായി സമരപരിപാടികൾ സജീവമായി തുടങ്ങി. പഞ്ചായത്ത് തലം ജില്ലാ പഞ്ചായത്ത് വരെയും മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും ഇനിയുള്ള യോഗങ്ങൾ കലുഷിതമായിരിക്കും. പ്രധാനമായും റോഡുകളുടെ തകർച്ചയാണ് ഇത്തവണത്തെ പ്രധാന വിഷയം.
പ്രവാസികൾക്കും പേര് ചേർക്കാം
തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന വോട്ടർ പട്ടിക പുതുക്കലിൽ പ്രവാസി ഭാരതീയർക്കും പേരു ചേർക്കാം. പ്രവാസി ഭാരതീയൻ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഫോറം 4 എയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാർഗനിർദ്ദേശങ്ങൾ www.sec.kerala.gov.in എന്ന വെബ്‌സൈറ്റിലുണ്ട്.
ബ്ലോക്ക് തലത്തിൽ വാർ റൂമുകൾ ആരംഭിച്ചു. വാർഡ് തലങ്ങളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന നടപടി പുരോഗമിക്കുകയാണ്.
-അഡ്വ. ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ്.
ഓഗസ്റ്റ് ഒന്ന് മുതൽ വാർഡ് സമ്മേളനങ്ങൾ ആരംഭിക്കും. സുരേഷ് ഗോപി മുന്നിട്ടുനിന്ന പഞ്ചായത്തുകളിൽ ഭരണം പിടിക്കുകയാണ് ലക്ഷ്യം.
-ജസ്റ്റിൻ ജേക്കബ്, ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ്.
സംഘടനാ കൺവെൻഷനുകൾ ആരംഭിച്ചു. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നത്. രാഷ്ട്രീയ സാഹചര്യം എൽ.ഡി.എഫിന് അനുകൂലമാണ്.
-കെ.വി.അബ്ദുൾ ഖാദർ, സി.പി.എം ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |