തൃശൂർ: പുല്ലഴി കോൾപാടത്ത് ഏപ്രിൽ, മേയ് മാസങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് സപ്ലെെക്കോ നെല്ല് സംഭരിച്ചെങ്കിലും പണം നൽകാതെ കർഷകരെ വട്ടം കറക്കുന്നു. ഏതാണ്ട് ഒരു കോടി രൂപയോളമാണ് നൽകാനുള്ളത്. സാമ്പത്തിക പ്രതിസന്ധി പറഞ്ഞാണ് ഉദ്യോഗസ്ഥർ കർഷകരെ ആശ്വസിപ്പിക്കുന്നത്. നെല്ല് കൃഷി വ്യാപകമായി നടത്തിയെങ്കിലും വിളവു കുറഞ്ഞ വർഷമാണിത്. മഴയും വരൾച്ചയുമെല്ലാമായിരുന്നു തിരിച്ചടിയായത്. കാലാവസ്ഥാവ്യതിയാന ഇൻഷ്വറൻസ് ഫണ്ടും രണ്ടു വർഷത്തെ കിട്ടാനുണ്ട്. ഇതിന്റെ തുക പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നൽകുന്ന ഫണ്ടാണിത്.
ആഗസ്റ്റ് നാലിന് ജില്ലാ കളക്ടർ പങ്കെടുക്കുന്ന യോഗം ചേരുന്നുണ്ട്. ഇതിൽ തീരുമാനമായില്ലെങ്കിൽ വൻ പ്രക്ഷോഭങ്ങൾക്കാണ് കർഷകരുടെ നീക്കം. കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപ കൂടി അനുവദിച്ചതായി കഴിഞ്ഞയാഴ്ച ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചിരുന്നു. പക്ഷേ, പണം കർഷകരുടെ കൈയിലെത്തിയിട്ടില്ലെന്നു മാത്രം.
കൃഷിനശിച്ചാലും പണമില്ല
കൃഷിനാശം കാരണം ഒരു കോടിയിലേറെ രൂപ പുല്ലഴി കോൾപടവിൽ കിട്ടാനുണ്ട്. ഇത് കഴിഞ്ഞ വർഷം പാസായിട്ടുണ്ടായിരുന്നെങ്കിലും ലഭ്യമാക്കിയിട്ടില്ല. സ്വർണാഭരണങ്ങളും മറ്റും പണയംവച്ചാണ് കർഷകർ കൃഷിയിറക്കിയത്.
സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തും ചില കർഷകർ കൃഷിയിറക്കിയിട്ടുണ്ട്. സാമ്പത്തിക ബാദ്ധ്യത കാരണം കൃഷി അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പലരും.
ലക്ഷങ്ങൾ മുടക്കിയാണ് കൃഷിയിറക്കുന്നത്. പ്രതികൂല കാലാവസ്ഥയെയും കടന്ന് വിളവെടുത്തപ്പോഴായിരുന്നു മില്ലുകാരുടെ നിസ്സഹകരണം. ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ നെല്ലുസംഭരണം നടന്നെങ്കിലും പതിര് മാറ്റാനും വൃത്തിയാക്കാനും ചെലവാക്കിയ പണവും നഷ്ടമായി. നെല്ലിന്റെ വില കിട്ടുമെന്ന കാത്തിരിപ്പ് മാസങ്ങൾ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. നട്ട ഞാറുകൾ മഴയിൽ നശിക്കുകയും വീണ്ടും നടേണ്ടിവരികയും ചെയ്തത് സാമ്പത്തികനഷ്ടമുണ്ടാക്കി. കാലാവസ്ഥാവ്യതിയാന ഇൻഷ്വറൻസ്, വിളനാശ ഇൻഷുറൻസ്, കർഷകർക്കുള്ള റോയൽറ്റി, പ്രൊഡക്ഷൻ ഇൻസെന്റീവ് തുടങ്ങി ആനുകൂല്യങ്ങൾ ഒന്നിച്ച് നിഷേധിച്ചതോടെ കർഷകർ നിലയില്ലാക്കയത്തിലായി.
കർഷകർ: 450
ചിലർക്ക് ഒരേക്കറിന് കിട്ടിയത്: 30 കി.ഗ്രാം നെല്ല്
കർഷകരെ സർക്കാർ വഞ്ചിക്കുകയാണ്. ശക്തമായ പ്രതിഷേധത്തിലേക്ക് കർഷകർ ഇനി നീങ്ങും.
-കൊളങ്ങാട്ട് ഗോപിനാഥൻ, പ്രസിഡന്റ്, പുല്ലഴി കോൾപടവ് സഹകരണസംഘം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |