കുട്ടനാട് : തുടർച്ചയായ മഴയും വെള്ളപ്പൊക്കവും കാരണം പിടിച്ചുനിൽക്കാനാകാതെ കുട്ടനാട്ടിലെ ചെറുകിട കച്ചവടക്കാർ. കഴിഞ്ഞ രണ്ടുമാസത്തിനിടെ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രമാണ് വെള്ളപ്പൊക്ക ഭീതിയൊഴിഞ്ഞുനിന്നത്. ഇതോടെ ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്ത് ആരംഭിച്ച ചെറുകിട കച്ചവടം മുതൽ സ്വയംതൊഴിൽ സംരംഭങ്ങൾ വരെ അടച്ചു പൂട്ടലിന്റെ വക്കിലാണ്.
കഴിഞ്ഞ പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച ഇനത്തിൽ കോടിക്കണക്കിന് രൂപയാണ് കർഷകർക്ക് ഇനിയും ലഭിക്കാനുള്ളത്. അതിന്റെ പ്രതീക്ഷയിൽ രണ്ടാംകൃഷിക്ക് ഇറങ്ങിത്തിരിച്ച കർഷകർക്ക് ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്. ഏത് സമയവും പാടശേരങ്ങളിൽ മടവീഴുകയോ, വെള്ളം ബണ്ട് കവിഞ്ഞു കയറി കൃഷി തന്നെ നശിച്ചുപോകുകയോ ചെയ്യുമെന്ന ചിന്തയാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്.
ദിവസങ്ങളായുള്ള കനത്തമഴയും വേലിയേറ്റവും കാരണം പിടിവിട്ട് ഉയർന്ന ജലനിരപ്പ് ഒരു മാറ്റവുമില്ലാതെ തുടരുന്നതിനാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ് കുട്ടനാട് നിവാസികൾ. നടപ്പാതകളിലും ചെറുറോഡുകളിലും വീട്ടുപരിസരങ്ങളിലുമെല്ലാം വെള്ളം നിറഞ്ഞിട്ട് രണ്ടു മാസത്തോളമാകുന്നു
വാടക കൊടുക്കാൻ പോലും വരുമാനമില്ല
1.മനയ്ക്കച്ചിറ മുതൽ പണ്ടാരക്കളം പാലം വരെ എ.സി റോഡിന് ഇരുവശങ്ങളിലായുള്ള നൂറുകണക്കിന് കടകൾക്ക് ഇപ്പോൾ നാലിലൊന്ന് കച്ചവടം പോലുമില്ല. വാടക കൊടുക്കാനുള്ള വരുമാനം കിട്ടാതായതോടെ പലതും അടച്ചുപൂട്ടലിന്റ വക്കിലാണ്
2.അരി, മുളക്, മല്ലി തുടങ്ങിയവ പൊടിച്ചുകൊടുക്കുന്ന ഫ്ലവർമില്ലുകൾ കുട്ടനാട്ടിലെ മിക്കവാർഡുകളിലും രണ്ടും മൂന്നും ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ അതിൽ പകുതിപോലുമില്ല. വെള്ളപ്പൊക്കം കാരണം നിർത്തിപ്പോയതാണ് മിക്കവയും
3.കാലവർഷംകാരണം വൈദ്യുതി മുടക്കം പതിവാകുകയും ആവശ്യത്തിന് ജോലികൂടി കിട്ടാതെ വന്നതോടെ വൈദ്യുതി ചാർജിനുള്ള തുക പോലും ഫ്ലവർമില്ലുകൾക്ക് ലഭിക്കാറില്ല. കാലവർഷത്തിന് ശേഷമുള്ള അഞ്ചാമത്തെ വെള്ളപ്പൊക്കമാണ് ഇപ്പോഴത്തേത്
4.നിർമ്മാണ ജോലികൾ നടക്കാതായിട്ട് മാസങ്ങളായി. സിമന്റിന്റെയും കമ്പിയുടേയും വിലവർദ്ധനയ്ക്ക് പുറമേ മഴക്കാലം കൂടിയെത്തിയതോടെ ഒരുദിവസം പോലും മുഴുവൻസമയ ജോലി നടക്കാത്ത സ്ഥിതിയായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |