അമ്പലപ്പുഴ : ജയിലുകളിൽ ആത്മീയത പകർന്നുനൽകിയാൽ മാനസാന്തരമുണ്ടായി നല്ലവരായി ജീവിക്കാൻ കുറ്റവാളികൾക്കാകുമെന്ന് പ്രമുഖ ജീവകാരുണ്യപ്രവർത്തകനും പുന്നപ്ര ശാന്തിഭവൻ മാനേജിംഗ് ട്രസ്റ്റിയുമായ മാത്യു ആൽബിൻ. 12വർഷത്തെ ജയിൽശിക്ഷയ്ക്ക് ശേഷം മാനസ്സാന്തരപ്പെട്ട് പുറത്തിറങ്ങിയശേഷമാണ് മനസിന്റെ നില തെറ്റിയവർക്കും തെരുവിന്റെ മക്കൾക്കുമായി ശാന്തിഭവൻ സ്ഥാപിച്ചത്. 90ശതമാനം തടവുകാരും യാദൃശ്ചികമായാണ് കുറ്റവാളികളാകുന്നതെന്ന് ആൽബിൻ പറഞ്ഞു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന തടവുകാർക്ക് ജീവിക്കാനുള്ള ഉപാധികൂടി സർക്കാർ ഉറപ്പാക്കിയാൽ വീണ്ടും കുറ്റവാളികളാകാതെ അവർ നല്ല ജീവിതം നയിക്കും. ജയിലിൽ കഴിയുന്ന പലരും അവിടെ നിന്ന് ലഭിക്കുന്ന വേതനം പരോളിൽ ഇറങ്ങുമ്പോൾ ശാന്തിഭവനിലെത്തി അന്തേവാസികൾക്കായി നൽകാവുണ്ടെന്ന് മാത്യു ആൽബിൻ പറഞ്ഞു.
തടവുകാരിൽ ആത്മീയത വളർത്താൻ എല്ലാ ജയിലുകളിലും സാഹചര്യം ഒരുക്കണം. താൻ തടവുകാരനായിരുന്നപ്പോൾ ജയിൽ സന്ദർശിക്കാനെത്തിയ ഫാ.കുറ്റിക്കലിന്റെ സാമീപ്യമാണ് മാനസാന്തരമുണ്ടാകാൻ കാരണമായത്. നല്ലനടപ്പിലൂടെ തടവ് കാലാവധിക്കു മുമ്പേ ജയിൽമോചിതനായ ആൽബിൻ ചെയ്തുപോയ തെറ്റുകൾക്കു പ്രായശ്ചിത്വമായി മനോരോഗികൾക്കായി ശാന്തിഭവൻ തുടങ്ങി. ഒരു അന്തേവാസിയുമായി തുടങ്ങിയ ശാന്തിഭവനിൽ ഇന്ന് 170ഓളം പേരുണ്ട്. നാനാജാതി മതസ്തരുടെ സഹായം കൊണ്ടാണ് ശാന്തിഭവനിലെ ദൈനംദിന ചെലവുകൾ നടന്നുവരുന്നത്. മാറിമാറി വന്ന സർക്കാരുകൾ പല വാഗ്ദാനങ്ങളും നൽകിയിരുന്നെങ്കിലും ഒന്നും ലഭിച്ചില്ലെന്ന് ആൽബിൻ പറയുന്നു. 24 മണിക്കൂറും അന്തേവാസികളെ പരിചരിച്ച് ശാന്തിഭവനിൽ കഴിയുകയാണ് 73 തികഞ്ഞ മാത്യു ആൽബിൻ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |