ഏനാത്ത് : എല്ലാവർക്കും വീട്, ആധുനിക നിർമ്മാണരീതി എന്നൊക്കെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി നിർമ്മാണോദ്ഘാടനം നടത്തിയ ഏനാത്തെ ലൈഫ് ഫ്ലാറ്റ് സമുച്ചയം അഞ്ചു വർഷം പിന്നിട്ടിട്ടും പൂർത്തീകരിക്കാനായില്ല. ഏഴംകുളം പഞ്ചായത്തിലെ ഏനാത്ത് വില്ലേജിൽ 2020 സെപ്റ്റംബർ 24ന് വീഡിയോ കോൺഫറൻസിലൂടെയാണ് മുഖ്യമന്ത്രി നിർമാണോദ്ഘാടനം നടത്തിയത്. കരാർ ഏറ്റെടുത്ത് സമ്മതപത്രംവച്ച് ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. ലൈറ്റ് വെയ്റ്റ് സ്റ്റീൽ ഫ്രെയിം സാങ്കേതിക വിദ്യയിൽ നാലു നിലകളുള്ള 28 ഫ്ലാറ്റ് അടങ്ങിയ രണ്ടുകെട്ടിട സമുച്ചയങ്ങളായിരുന്നു പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്. രണ്ട് കിടപ്പ് മുറികൾ, അടുക്കള, ഹാൾ, ശുചിമുറി എന്നിവ ഉൾപ്പെടുന്ന താമസസൗകര്യമായിരുന്നു വിഭാവനം ചെയ്തിരുന്നത്. അടിത്തറയിൽ നിന്ന് നാലു നിലകളിൽ സ്റ്റീൽ ട്യൂബുകൾ ഉറപ്പിക്കുന്ന പണികൾ പൂർത്തീകരിച്ചു. തുടർ പണികൾ അനിശ്ചിതത്വത്തിലുമായി. ലൈഫ് മിഷന്റെ അലംഭാവം മൂലമാണ് പദ്ധതി പൂർത്തീകരിക്കാത്തത് എന്ന വാദവുമായി ഇടതുപക്ഷ പോഷക സംഘടന കെ എസ് കെ ടി യു പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണപോരായ്മയായി ചൂണ്ടിക്കാട്ടാവുന്ന ഒരു വിഷയമായായിട്ടും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ഇത് ഗൗരവമായി ഏറ്റെടുക്കുന്നില്ല. അഹമ്മദാബാദ് ആസ്ഥാനമാക്കിയ കരാർ കമ്പനിയായിരുന്നു നിർമ്മാണം ഏറ്റെടുത്തത്. വ്യവസ്ഥകൾ പാലിക്കാത്ത കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികൃതരും തയ്യാറാകുന്നില്ല.
രണ്ടുകെട്ടിട സമുച്ചയങ്ങൾ
28 ഫ്ളാറ്റുകൾ വീതം
54 കുടുംബങ്ങൾക്ക് വാസമൊരുങ്ങും
നിർമ്മാണ ചെലവ് : 7.27 കോടി രൂപ
നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം പ്രതിസന്ധിയായി
കൊവിഡ് കാലത്തിനു ശേഷം നിർമ്മാണ സാമഗ്രികൾക്ക് വില കൂടിയത്
കരാർ കമ്പനിക്ക് നഷ്ടം വരുത്തി. കരാർ പുതുക്കി നിശ്ചയിക്കണമെന്നു കമ്പനി ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല. 92 സെന്റ് വസ്തുവിലാണ് ഫ്ളാറ്റ് സമുച്ചയം നിർമ്മിക്കുന്നത്.
നിർമ്മാണ സാമഗ്രികൾ പലയിടത്തായി ഉപയോഗശൂന്യമായി കിടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |