തിരുവനന്തപുരം: മാട്രിമോണിയൽ വെബ്സൈറ്റുവഴി പരിചയപ്പെട്ട മലയാളി യുവതി വിവാഹ വാഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിയായ 32കാരനിൽ നിന്ന് 1.28കോടി രൂപ തട്ടിയെടുത്തു.
വെബ്സൈറ്റിൽ റൃതിക എന്ന പേരിലാണ് യുവതി അക്കൗണ്ട് തുടങ്ങിയത്. യുവാവുമായി പരിചയപ്പെട്ടശേഷം ഡൽഹിയിലാണ് താമസമെന്നും നാട്ടിൽ വരുമ്പോൾ വിവാഹം ഉറപ്പിക്കാമെന്നും വിശ്വസിപ്പിച്ചു. ഇതിനിടെ യുവതിയുടെ അമ്മയെന്ന പേരിൽ മറ്റൊരു സ്ത്രീ യുവാവിനെ ബന്ധപ്പെട്ട് വിവാഹം നടത്താമെന്ന് ഉറപ്പുനൽകി. ഇതിനുശേഷം വാട്‌സാപ് നമ്പർ വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. തന്റെ അമ്മാവന് ഓഹരി നിക്ഷേപമുണ്ടെന്നും വൻ ലാഭമുണ്ടാക്കാമെന്നും യുവാവിനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് "പ്ലസ് 500 ഗ്ലോബൽ സി.എസ്' എന്ന ടെലിഗ്രാം ചാനലിലൂടെ ഓൺലൈൻ ട്രേഡിംഗിനുള്ള ലിങ്ക് നൽകി ഡൗൺലോഡ് ചെയ്യിപ്പിച്ചു. ആദ്യം പണം നിക്ഷേപിച്ചപ്പോൾ യുവാവിന് ചെറിയ തുക ലാഭം ലഭിച്ചു. ഇതോടെ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 14 മുതൽ ജൂലായ് വരെ 14 ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് 1.28 കോടി രൂപ അയച്ചത്. പണം തിരികെ ലഭിക്കാത്തതോടെ സംശയം തോന്നിയ യുവാവ് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. തട്ടിപ്പിൽ മലയാളികൾ ഉൾപ്പെടെയുള്ള വൻ സംഘമുണ്ടെന്നാണ് വിവരം.
ഡോക്ടറുടെ 1.1 കോടി
തട്ടിയെടുത്തു
കണ്ണമ്മൂല കലാകൗമുദി റോഡിൽ താമസിക്കുന്ന ഡോക്ടർക്ക് 1.1 കോടി രൂപയും തിരുമല വിവേകാനന്ദ നഗർ സ്വദേശിയായ റിട്ട.ഉദ്യോഗസ്ഥന് 30.90 ലക്ഷം രൂപയും വഞ്ചിയൂർ സ്വദേശി 79കാരനായ റിട്ട.ഉദ്യോഗസ്ഥന് 23 ലക്ഷം രൂപയും ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായി. ഫേസ്ബുക്ക് പരസ്യത്തിന്റെ ലിങ്ക് തുറന്ന ഡോക്ടറെ ട്രേഡിംഗിനുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കി തട്ടിപ്പിനിരയാക്കുകയായിരുന്നു. 20 തവണയായി 20 അക്കൗണ്ടുകളിലേക്കാണ് ഡോക്ടർ പണമയച്ചത്.
സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് നടത്തി മികച്ച ലാഭം നേടാമെന്ന് വിശ്വസിപ്പിച്ചാണ് റിട്ട.ഉദ്യോഗസ്ഥനിൽ നിന്ന് പണംതട്ടിയത്. വഞ്ചിയൂർ സ്വദേശിയെ വെർച്വൽ അറസ്റ്റിനുവിധേയമാക്കി പണം തട്ടുകയായിരുന്നു. മൂന്നുപേരുടെയും പരാതികളിൽ കേസെടുത്ത് സൈബർ ക്രൈംപൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |