കോഴിക്കോട്: നഗരത്തിന്റെ വ്യാപാര സിരാകേന്ദ്രമായ വലിയങ്ങാടി സെൻട്രൽ മാർക്കറ്റിന്റെ നിർമ്മാണം ഉടനുണ്ടാകും. പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനുള്ള ടെൻഡർ നടപടികൾ അഞ്ചിന് നടക്കും. വലിയങ്ങാടിയുടെ പൈതൃകം നിലനിർത്തിയാണ് കോർപ്പറേഷന്റെ നേതൃത്വത്തിൽ ഫിഷറീസ് വകുപ്പ് അത്യാധുനിക രീതിയിൽ നിർമ്മാണം നടത്തുക.
കച്ചവടക്കാർക്കുള്ള ബദൽ സംവിധാനമെന്ന നിലയിൽ മത്സ്യ മാർക്കറ്റിനായി വടക്ക് ഭാഗത്തെ 50 സെന്റ് സ്ഥലം ഒരുക്കി കഴിഞ്ഞു. 28 ഷോപ്പുകാർക്ക് കിഴക്ക് ഭാഗത്ത് സൗകര്യങ്ങൾ അനുവദിച്ചു. ഉണക്കൽ വ്യാപാരികൾക്ക് മാലിന്യ ഡിപ്പോയായി പ്രവർത്തിച്ചിരുന്ന ഒമ്പത് സെന്റ് ഭൂമി കോൺക്രീറ്റ് ചെയ്ത് ഷീറ്റ് വിരിച്ചു. 24 കടകൾ സജ്ജമാക്കിയിട്ടുണ്ട്. തൊഴിലാളികൾ ആവശ്യപ്പെട്ടതനുസരിച്ച് സംവിധാനം ഒരുക്കൽ നടപടി പൂർത്തിയാകുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
ഒരുങ്ങുന്നത് മൂന്നുനില കെട്ടിടം
ഷോപ്പിംഗ് മാളിന്റെ മാതൃകയിൽ മൂന്നുനില കെട്ടിടമാണ് ഒരുങ്ങുക. മത്സ്യ മൊത്തക്കച്ചവടത്തിനായി രണ്ട് നിലകളിലായി 5700 സ്ക്വയർഫീറ്റ് കവേർഡ് ഏരിയയും 12700 സ്ക്വയർ ഫീറ്റ് ഓപ്പൺ യാർഡും ഉൾപ്പെടെ 18400 സ്ക്വയർ ഫീറ്റ് സ്ഥലം ലഭ്യമാവും. കച്ചവടത്തിനായി 70 തട്ടുകൾക്ക് പുറമെ 24 എണ്ണം പുതിയതും ഉൾപ്പെടുത്തി 94 എണ്ണം പണിയും. 135 ഓളം ചെറുകിട മത്സ്യസ്റ്റോളുകൾ ഉണ്ടാകും.
മത്സ്യവുമായി വരുന്ന ട്രക്കുകൾ നിർത്താനുള്ള സ്ഥലം ഐസ് പൊട്ടിച്ചിടാനുള്ള സ്ഥലം എന്നിവ ക്രമീകരിക്കും. ഒന്നാം നിലയിൽ മത്സ്യം ഫ്രീസറിൽ സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കും. ഉണക്ക മീനിനായി പ്രത്യേക മുറിയുണ്ടാകും. ഉണക്ക മത്സ്യവിൽപ്പനയ്ക്കായി ഹോൾസെയിലും റീട്ടെയിലുമായി 28 സ്റ്റാളുകളാണ് നിലവിലുള്ളത്. അത് തുടരും. ഹോൾസെയിലിനും റീട്ടെയിലും പ്രത്യേകം ഇടമൊരുക്കും. നിലവിലുള്ള 17 മീറ്റ് ചിക്കൻ സ്റ്റാളുകൾ 23 എണ്ണമാക്കി വർദ്ധിപ്പിക്കും.140 പേർക്ക് ഫിഷ് കട്ട് ചെയ്യാൻ കഴിയുന്ന വിധത്തിൽ സ്ഥലം ഉൾപ്പെടുത്തി. പുതിയ കെട്ടിടത്തിൽ 21 ഷോപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രൗണ്ട് ഫ്ലോറിൽ ഒരു കോൾഡ് സ്റ്റോറേജ്, ദൂര ദേശങ്ങളിൽ നിന്ന് വരുന്ന ഡ്രൈവർമാർക്ക് ഉൾപ്പെടെ വിശ്രമിക്കുന്നതിനായി 24 ബെഡ് ഉൾക്കൊള്ളുന്ന ഡോർമിറ്ററി സംവിധാനം, ചെറിയ യോഗങ്ങളും സംഘടിപ്പിക്കുന്നതിനുള്ള ഹാൾ, മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബ് സൗകര്യം, ബോർഡ് റൂമുകൾ, വിശ്രമ മുറികൾ, ലോക്കർ സൗകര്യം, വസ്ത്രം മാറുന്നതിനായി ചേഞ്ചിംഗ് റൂമുകൾ, ആവശ്യത്തിന് ശുചിമുറികൾ എന്നിവയുമുണ്ട്. മീൻമണം അറിയാത്ത രീതിയിലായിരിക്കും നിർമാണം. ആധുനിക മാലിന്യ സംസ്‌കരണ് പ്ലാന്റുകളും മാർക്കിനുള്ളിൽ സജ്ജമാക്കും. നിലവിലുള്ള കച്ചവടക്കാർക്കെല്ലാം ഇവിടെ കച്ചവടത്തിന് സൗകര്യമുണ്ടാകും.
ഒരേ സമയം 30 ട്രക്കുകൾ സുഗമമായ രീതിയിൽ പാർക്ക് ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള പാർക്കിംഗ് സൗകര്യം ലഭ്യമാണ്.
ചെലവ്
55.17 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |