കൊച്ചി: ശബരി റെയിൽ പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചാലുടൻ സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കാൻ റെയിൽവെ ബോർഡ് അംഗവും ചീഫ് സെക്രട്ടറിയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. കാലടി മുതൽ സ്ഥലമെടുപ്പ് പുനരാരംഭിക്കുന്നത് പാത കടന്നുപോകുന്ന പ്രദേശത്തെ സ്ഥലമുടമകൾക്ക് ആശ്വാസമാകും.
റെയിൽവെ ബോർഡ് അംഗം രാജേഷ് അഗർവാൾ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവർ നടത്തിയ ചർച്ചയിലാണ് ധാരണ. അങ്കമാലി മുതൽ കാലടി വരെയുള്ള സ്ഥലമാണ് വർഷങ്ങൾക്ക് മുമ്പ് ഏറ്റെടുത്തത്. 2019ൽ പദ്ധതി സ്‌തംഭിച്ചതോടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയും നിലച്ചു. മൂവാറ്റുപുഴയിലും തൊടുപുഴയിലും സ്ഥലം ഏറ്റെടുക്കലിന് ആരംഭിച്ച ഓഫീസുകളും നിറുത്തലാക്കിയിരുന്നു.
പദ്ധതിച്ചെലവ് പങ്കിടാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതോടെയാണ് സ്ഥലമേറ്റെടുക്കൽ മരവിപ്പിച്ചത് പിൻവലിക്കാമെന്ന് റെയിൽവെ അറിയിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചാൽ നടപടികൾ പുനരാരംഭിക്കാമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഡൽഹിയിലെത്തിയാൽ വൈകാതെ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ബോർഡ് അംഗം അറിയിച്ചു.
ചർച്ചയിലെ ധാരണകൾ പ്രതീക്ഷ നൽകുന്നതാണെന്ന് ശബരി റെയിൽവെ ആക്ഷൻ കൗൺസിൽ ഫെഡറേഷൻ ജനറൽ കൺവീനർ ബാബുപോൾ പറഞ്ഞു. കാലടി മുതൽ എറണാകുളം, ഇടുക്കി ജില്ലകളിലെ സ്ഥലം വിട്ടുകൊടുക്കാൻ ഉടമകൾ വർഷങ്ങൾക്ക് മുമ്പേ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |