മാവേലിക്കര: ശ്മശാനം സംബന്ധിച്ച മാവേലിക്കരയിലെ ഭൂരഹിതരുടെ ആശങ്കയ്ക്ക് ആശ്വാസമാകുന്നു.പോർട്ടബിൾ ഫർണസ് കരാർ നൽകി ശ്മശാനം പ്രവർത്തിപ്പിക്കാൻ മാവേലിക്കര നഗരസഭ കൗൺസിലിൽ തീരുമാനമായി. 29ന് ഉച്ചയ്ക്ക് നടന്ന സ്റ്റിയറിംഗ് കമ്മറ്റിയുടെ അടിയന്തിര യോഗത്തിന്റെ തീരുമാനം സപ്ലിമെന്ററി നിർദ്ദേശമായാണ് ഇന്നലെ നടന്ന കൗൺസിലിൽ ചർച്ച ചെയ്തത്. കൗൺസിൽ ഐകകണ്‌ഠേന ഇതിനെ പിന്തുണച്ചു. നിലവിൽ ഫർണസ് ഉപയോഗിച്ച് സംസ്‌കാരം നടത്തുന്നവരിൽ നിന്ന് താത്പര്യപത്രം വാങ്ങി അതിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് കരാർ നൽകുവാനാണ് തീരുമാനം. 15 ദിവസത്തിനുള്ളിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. ഇത് കൂടാതെ ചിതാഭസ്മം സംരക്ഷിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണെന്നും നിർദ്ദേശമുണ്ടായി.
കഴിഞ്ഞ ദിവസം സാമൂഹിക പ്രവർത്തകനും നഗരവാസിയുമായിരുന്നു യൂ.ആർ.മനു നഗരവാസികൾക്കായി പോർട്ടബിൾ ഫർണസ് സ്ഥാപിച്ച് ശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിക്കണമെന്ന ആവശ്യപ്പെട്ട് ശവപ്പെട്ടിയിൽ കിടന്നുകൊണ്ട് ഏകദിന നിരാഹാരസമരം നടത്തിയിരുന്നു. പോർട്ടബിൾ ഫർണസ് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ച നഗരസഭയെ കോൺഫഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ മാവേലിക്കര അഭിനന്ദിച്ചു. മൂന്ന് വർഷമായി ശ്മശാനം പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരന്തരം കത്ത് നൽകിയിരുന്നു. കോറം ഭാരവാഹികളായ പ്രസിഡന്റ് കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, സെക്രട്ടറി ശശികുമാർ, കെ.പി.രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ചെയർമാൻ നൈനാൻ.സി.കുറ്റിശേരിയെ ചെയമ്പറിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |