തിരുവനന്തപുരം : തമാശ പറയുന്നതിനിടെ പ്രകോപിതനായി സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ പ്രതിയെ കോടതി ഏഴ് വർഷം കഠിന തടവിനും 50,000 രൂപ പിഴക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. കരമന നെടുങ്കാട് സോമൻ നഗർ തുണ്ടുവിള വീട്ടിൽ വിക്രമനെയാണ് കോടതി ശിക്ഷിച്ചത്. കവടിയാർ പത്മവിലാസം റോഡ് കാട്ടുവിളാകം പുത്തൻവീട്ടിൽ ബോസിനെയാണ് വിക്രമൻ കൊലപ്പെടുത്തിയത്. ആറാം അഡീഷണൽ സെഷൻസ് ജഡ്ജി ആർ. രേഖയാണ് കേസ് പരിഗണിച്ചത്.
ബന്ധുക്കളെക്കാണാൻ കവടിയാറിൽനിന്ന് കരമനയെത്തിയ ബോസ് സുഹൃത്തും നെടുങ്കാട് ടെക്സ്‌റ്റൈൽ ജംഗ്ഷനിൽ വെൽഡിംഗ് വർക്ക് ഷോപ്പ് നടത്തുന്ന വിക്രമനെ കാണാൻ അയാളുടെ വർക്ക് ഷോപ്പായ സജി എൻജിനീയറിംഗ് വർക്സിൽ എത്തി. ഭാര്യയുമായി പിണങ്ങി കഴിയുന്ന വിക്രമന് ആഹാരം പാചകം ചെയ്ത് കൊടുത്തിരുന്നത് കടയിലെ ജീവനക്കാരനായ അനി ആയിരുന്നു. ബോസ് ഒാരോന്നു പറഞ്ഞ് അനിയെ കണക്കിലധികം കളിയാക്കിയത് വിക്രമൻ വിലക്കിയെങ്കിലും ബോസ് കളിയാക്കൽ തുടർന്നു. പ്രകോപിതനായ വിക്രമൻ ബോസിനെ കടയിൽ നിന്ന് തളളി പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ മുന ഉളി കൊണ്ട് വിക്രമൻ നാലുതവണ ബോസിനെ കുത്തി. നെഞ്ചിലേറ്റ ആഴത്തിലുളള മുറിവ് മരണകാരണമായി മാറി. 2022 ഏപ്രിൽ 29 ന് ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. ഷാജി ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |