കൊച്ചി: ബില്ലുകളിൽ തിരിമറി നടത്തി വൻകിട വസ്ത്രവില്പനശാലകൾ 700 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയത് ആദായ നികുതി വകുപ്പ് കണ്ടെത്തി. മൂന്നു ദിവസം നീണ്ട റെയ്‌ഡിലാണ് കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് നടത്തിയ തട്ടിപ്പിന്റെ തെളിവുകൾ പിടിച്ചെടുത്തത്.
കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിലെ വസ്ത്രവില്പനശാലകളിലാണ് കൂടുതൽ തട്ടിപ്പ് കണ്ടെത്തിയത്. ഉപഭോക്താവിന് നൽകുന്ന ബില്ലുകളിൽ തിരിമറി നടത്തി കണക്കിൽ കുറച്ചു കാണിച്ചാണ് നികുതി വെട്ടിച്ചിരുന്നത്.വില്പനശാലകളുടെ സ്വന്തം സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് വ്യാജ ബില്ലുകൾ സൃഷ്‌ടിച്ചിരുന്നത്. വസ്ത്രങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് നൽകുന്ന ബില്ല് പിന്നീട് തിരുത്തുകയാണ് രീതി. ഉദാഹരണത്തിന്, പതിനായിരം രൂപയുടെ വസ്ത്രങ്ങൾ വാങ്ങുന്ന ഉപഭോക്താവിന് മുഴുവൻ തുകയുടെയും ബിൽ നൽകും. പിന്നീട് ബിൽ അയ്യായിരമായി മാറ്റി കമ്പ്യൂട്ടറിൽ സൂക്ഷിക്കും. ഇതാണ് നികുതി വിഭാഗങ്ങൾക്ക് നൽകിയിരുന്നത്.
ഇതു വഴി വരുമാനം കുറച്ചും നഷ്‌ടമെന്ന് കാണിച്ചും ജി.എസ്.ടിയും ആദായ നികുതിയുമുൾപ്പെടെ വെട്ടിക്കുകയായിരുന്നു രീതി. 2019 മുതൽ 2025 വരെയുള്ള കണക്കുകളാണ് പരിശോധിച്ചതെന്ന് ആദായനികുതി വൃത്തങ്ങൾ പറഞ്ഞു.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായിരുന്നു പ്രധാനമായും പരിശോധന. കോഴിക്കോട്ടും മഞ്ചേരിയിലും പ്രവർത്തിക്കുന്ന വൻകിട സ്ഥാപനം, കോഴിക്കോട്ടെ മറ്റൊരു പ്രമുഖ സ്ഥാപനം, എറണാകുളത്ത് അങ്കമാലിയിൽ ഉൾപ്പെടെ ഏതാനും സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ 10 സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നു. പ്രാഥമിക പരിശോധനയിൽ 700 കോടിയോളം രൂപയുടെ തട്ടിപ്പിന്റെ ഇലക്ട്രോണിക്‌സ് രേഖകളുൾപ്പെടെ പിടിച്ചെടുത്തു. ആദായ നികുതി കോഴിക്കോട് ഓഫീസ് രജിസ്റ്റർ ചെയ്‌ത കേസിൽ സംസ്ഥാനത്തെ മറ്റ് ഓഫീസുകളിലെ ഉൾപ്പെടെ 40 സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |