കൊച്ചി: ശിഷ്യർക്ക് മാത്രമല്ല, എല്ലാവർക്കും മാഷ് ആയിരുന്നു പ്രൊഫ.എം.കെ. സാനു. എഴുത്തിനപ്പുറം സാമൂഹിക, സാംസ്‌കാരിക, ആരോഗ്യ, പൊതുരംഗങ്ങളിൽ സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. കാരിക്കാമുറിയിലെ വസതിയായ 'സന്ധ്യ" എല്ലാവർക്കും ആശ്രയമായിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിൽ ദീർഘകാലം അദ്ധ്യാപകനായി പ്രവർത്തിച്ചതിനാൽ ശിഷ്യസമ്പത്ത് വിപുലമാണ്. ഇടതുപക്ഷ രാഷ്ട്രീയം ഇഷ്‌ടപ്പെട്ടിരുന്നെങ്കിലും എല്ലാവരുമായും അടുത്ത ബന്ധം സൂക്ഷിച്ചു. സമൂഹത്തെയും ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടാനും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും മടിച്ചില്ല.
ജസ്‌റ്റിസ് വി.ആർ. കൃഷ്‌ണയ്യർ, ഡോ.സി.കെ. രാമചന്ദ്രൻ എന്നിവരുമായി ഉറ്റബന്ധമായിരുന്നു മാഷിന്. വൈകുന്നേരങ്ങളിലെ മൂവർ സംഘത്തിന്റെ നഗരത്തിലെ നടപ്പ് പ്രസിദ്ധമായിരുന്നു. സാമൂഹിക, രാഷ്ട്രീയ, പൊതുവിഷയങ്ങൾ ഇതിനിടെ ചർച്ചയാകും. ഇടപെടേണ്ട വിഷയങ്ങളിൽ മൂവരും ഒരുമിച്ചുണ്ടാകും.
കൊച്ചിയിൽ ക്യാൻസർ ചികിത്സാകേന്ദ്രം വേണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചത് ജസ്റ്റിസ് വി.ആർ. കൃഷ്‌ണയ്യരും സാനു മാഷുമാണ്. കളമശേരി മെഡിക്കൽ കോളേജ് വളപ്പിൽ ക്യാൻസർ സെന്റർ ആരംഭിക്കാൻ സമ്മർദ്ദം ചെലുത്താൻ രൂപീകരിച്ച കൂട്ടായ്‌മയിൽ സാനു മാഷും വലിയ പങ്ക് വഹിച്ചു. ക്യാൻസർ സെന്റർ ആരംഭിച്ചെങ്കിലും സ്വന്തം കെട്ടിടം ഉൾപ്പെടെയുള്ള ആവശ്യങ്ങളിലും അദ്ദേഹം ശക്തമായി ഇടപെട്ടു. ജസ്‌റ്റിസ് കൃഷ്‌ണയ്യരുടെ മരണശേഷം ജസ്‌റ്റിസ് വി.ആർ. കൃഷ്‌ണയ്യർ മൂവ്മെന്റ് എന്ന പേര് കൂട്ടായ്‌മ സ്വീകരിച്ചപ്പോൾ മാഷ് മുന്നിൽ നിന്നു.
ക്യാൻസർ സെന്റർ, എറണാകുളം ഗവ. മെഡിക്കൽ കോളേജ് എന്നിവയുടെ വളർച്ചയ്ക്കുള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കാനും സാനു മാഷ് പങ്ക് വഹിച്ചു. ക്യാൻസർ സെന്ററിനും മെഡിക്കൽ കോളേജിനുമായി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയനിൽ വരെ അദ്ദേഹം തുടർന്നു. ക്യാൻസർ സെന്ററിന്റെ പുതിയ കെട്ടിടം, മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് എന്നിവ സഫലമാകുന്നതിന്റെ ഒരുക്കങ്ങൾക്കിടെയാണ് മാഷിന്റെ മടക്കം.
സാഹിത്യ, സാംസ്‌കാരിക, പൊതുപരിപാടികളിൽ ക്ഷണിക്കാൻ എത്തിയവരെ ആരോഗ്യമുള്ള കാലത്ത് അദ്ദേഹം നിരാശപ്പെടുത്തിയിരുന്നില്ല. രാവിലെ അദ്ദേഹം റെഡിയായാൽ കൂട്ടാൻ കാത്തുനിൽക്കുന്നവരുണ്ടാകും. അവർക്കൊപ്പം പുറപ്പെടും. ഒന്നിലേറെ പരിപാടികളിൽ പങ്കെടുക്കും. ഉച്ചയൂണിന് വീട്ടിൽ തിരികെയെത്തണമെന്ന് നിർബന്ധമുണ്ട്. ഭക്ഷണം കഴിച്ചാൽ ചെറിയൊരു ഉറക്കം. ഉണരുന്നത് കാത്ത് ആളുകളുണ്ടാകും. അവർക്കൊപ്പം വീണ്ടുമിറങ്ങും. ആരോഗ്യം ക്ഷയിച്ചു തുടങ്ങിയതോടെ പൊതുപരിപാടികൾ കുറയ്‌ക്കാൻ കുടുംബം ശ്രദ്ധിച്ചെങ്കിലും മാഷ് വഴങ്ങിയില്ല. കാണാനും സംസാരിക്കാനും മറ്റും എത്തിയ ആരെയും അദ്ദേഹം നിരാശപ്പെടുത്തിയിരുന്നുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |