തിരുവനന്തപുരം: മത്സ്യബന്ധനത്തിടെ അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസ് രക്ഷിച്ചു. കഴിഞ്ഞ ദിവസം രാത്രി നീണ്ടകരയിൽ നിന്നുപോയ ഏഴംഗസംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് കടലിൽ മുങ്ങിത്താഴുന്നതായി രാത്രി പത്തരയോടെ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസിന് വിവരം ലഭിച്ചു. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടും ഒട്ടും സമയം പാഴാക്കാതെ പൊലീസ് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടു.
ബോട്ടിലെ തൊഴിലാളികളുമായി നിരന്തരം ബന്ധപ്പെട്ട് അവരുടെ ദിശ മനസിലാക്കി. ശക്തമായ കാറ്റും തിരയുമുണ്ടായിരുന്നിട്ടും രാവിലെ ഏഴോടെ ബോട്ടിലുണ്ടായിരുന്ന എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി തിരികെയെത്തിക്കുകയായിരുന്നു.
മൂന്ന് തമിഴ്നാട് സ്വദേശികളും,മൂന്ന് അസാം സ്വദേശികളും ഒരു ആന്ധ്രാ സ്വദേശിയുമാണ് ബോട്ടിലുണ്ടായിരുന്നത്. മുക്കാൽ ഭാഗത്തോളം മുങ്ങിയതിനാൽ ബോട്ട് വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. എസ്.ഐ സാബു.കെയുടെ നേതൃത്വത്തിൽ,എ.എസ്.ഐ നജീബ്.എസ്,സീനിയർ സി.പി.ഒ അജികുമാർ,സി.പി.ഒമാരായ മാർഷൽ.എം,ജിബിൻ സണ്ണി,അനീഷ് ആനന്ദൻ,ബോട്ട് ഡ്രൈവർ സുനിൽ.യു,ബോട്ട് സ്രാങ്ക് അഭിലാഷ്,കോസ്റ്റൽ വാർഡന്മാരായ ശ്രീമോൻ,ജെയ്സൺ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |