പാർട്ടി ശുദ്ധികലശം നടത്തണമെന്ന് ആവശ്യം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ യൂണിറ്റിനെ നിയന്ത്രിക്കാൻ കഴിയാതെ നേതൃത്വം പ്രതിസന്ധിയിൽ. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ തർക്കം പരിഹരിക്കാനെത്തിയ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ കോളേജിൽ വളഞ്ഞിട്ട് ആക്രമിച്ചതുതന്നെ ഇതിന് തെളിവാണ്.
യൂണിറ്റിന്റെ നിയന്ത്രണം ഞങ്ങളുടെ കൈയിൽ നിൽക്കില്ലെന്നാണ് എസ്.എഫ്.ഐ നേതൃത്വം പറയുന്നത്. എസ്.എഫ്.ഐ സംസ്ഥാന നേതൃത്വവും പാർട്ടിയും അടിയന്തരമായ ഇടപെടണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. ഇന്ന് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടക്കുന്ന യോഗത്തിൽ യൂണിറ്റ് തന്നെ പിരിച്ചുവിട്ട് ശുദ്ധികലശം നടത്താനുള്ള തീരുമാനമെടുത്തേക്കും.
വിവാദമായ യൂണിറ്റ് കമ്മിറ്റി
ഭിന്നശേഷിക്കാരനായ എസ്.എഫ്.ഐ പ്രവർത്തകനെയും ബന്ധുവായ വിദ്യാർത്ഥിയേയും മർദ്ദിച്ച സംഭവത്തിൽ യൂണിറ്റ് കമ്മിറ്റിയെ പിരിച്ചുവിടാൻ പാർട്ടി നിർദ്ദേശപ്രകാരം എസ്.എഫ്.ഐ തീരുമാനിച്ചതാണ്. എന്നാൽ നിർദ്ദേശം പാലിക്കാൻ യൂണിറ്റ് തയ്യാറായില്ല.
മുൻകൂർ ജാമ്യം നേടിയ പ്രതികൾക്ക് സ്വീകരണമൊരുക്കുകയും പഴയ യൂണിറ്റ് ഭാരവാഹികൾ തന്നെ തുടരുകയുമായിരുന്നു. മാത്രമല്ല ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയേയും സുഹൃത്തുക്കളേയും വീണ്ടും ആക്രമിക്കുകയും ചെയ്‌തു. അപ്പോഴെല്ലാം പാർട്ടി ഇടപെട്ടെങ്കിലും ഇവരെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. കോളേജിലെ ചില അദ്ധ്യാപകരും ഇത്തരം ആക്രമണങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് പരസ്യമായി സ്വീകരിച്ചത്.
ഇതേ കേസുകളിൽ പ്രതികളായ യൂണിറ്റ് അംഗങ്ങൾ തന്നെയാണ് ജില്ലാ പ്രസിഡന്റിനെയും മർദ്ദിച്ചത്. സംഭവമറിഞ്ഞ് പൊലീസെത്തിയെങ്കിലും ഇരുവിഭാഗങ്ങളും പരാതിയില്ലെന്നുപറഞ്ഞ് പിരിഞ്ഞ് പോകുകയായിരുന്നു.
പരാതി നൽകിയില്ല
ജില്ലാ പ്രസിഡന്റിനെ എസ്.എഫ്.ഐ യൂണിറ്റ് നേതാക്കൾ മർദ്ദിച്ചത് സംഘടനയ്ക്കു തന്നെ നാണക്കേടായതിനാൽ പൊലീസിലും പരാതി നൽകിയിട്ടില്ല. സ്വന്തം സംഘടനാപ്രവർത്തകരെ ആക്രമിക്കുന്ന സംഭവങ്ങൾ തുടർച്ചയായിട്ടും സി.പി.എമ്മിനും നിയന്ത്രിക്കാനായിട്ടില്ല. നഗരത്തിലെ ചില പ്രാദേശിക നേതാക്കൾ,ക്രിമിനൽ കേസിലെ പ്രതികൾ എന്നിവരാണ് ഇവർക്ക് പിന്തുണ നൽകുന്നതെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |