തിരുവനന്തപുരം: നന്ദാവനം പൊലീസ് ക്യാമ്പിനു സമീപം ഓടയിൽ നിന്ന് ഡ്രെയിനേജ് മാലിന്യം പൊട്ടിയൊഴുകാൻ തുടങ്ങിയിട്ട് മാസങ്ങളേറെയായി.ഏഴോളം കുടുംബങ്ങൾ ഇതോടെ ദുരിതത്തിലായിരിക്കുകയാണ്.
നഗരസഭയ്ക്ക് തൊട്ടടുത്ത് വീടുകൾക്ക് മുന്നിൽ ഡ്രെയിനേജ് മാലിന്യം പൊട്ടിയൊഴുകിയിട്ടും അധികൃതർ ഉറവിടം കണ്ടെത്താൻ പോലും കഴിയാതെ ഇരുട്ടിൽ തപ്പുകയാണ്.കോളറ പോലുള്ള മാരക രോഗങ്ങൾ പടർന്നുപിടിക്കുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. കൗൺസിലർ മുതൽ എം.എൽ.എ വരെയുള്ളവർക്കും നഗരസഭ പൊതുജനാരോഗ്യ വകുപ്പിനും പരാതി നൽകി.എന്നിട്ടും നടപടിയൊന്നുമുണ്ടാകുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു.
ഇതാണ് അവസ്ഥ
വർഷങ്ങളായി റോഡിൽ നിന്ന് ഓട വഴി സ്വകാര്യവ്യക്തിയുടെ പറമ്പിൽ കൂടി മലിനജലം ഒഴുകുകയാണ്.എന്നാൽ ഇപ്പോൾ കഴിഞ്ഞ മൂന്ന് മാസമായി ഡ്രെയിനേജ് മാലിന്യം കൂടി കലർന്ന് തളം കെട്ടികിടക്കുകയാണ് ഇവിടം. ഈ മാലിന്യത്തിൽ ചവിട്ടി വേണം കുട്ടികൾക്കടക്കം പോകാൻ.
പേടിയോടെ
മഴക്കാലത്ത് കൊതുകുകൾ പെരുകി പകർച്ചവ്യാധി വരുമെന്ന ഭീതിയിൽ വീട്ടിലെ എല്ലാ വാതിലുകളും ജനാലകളും എപ്പോഴും അടച്ചിടുമെന്ന് പ്രദേശവാസികൾ പറയുന്നു.
നഗരസഭയിലെ എൻജിനിയറിംഗ് വിഭാഗവുമായി ആലോചിച്ച് ഉടൻ ശാശ്വത പരിഹാരം സ്വീകരിക്കും.
പാളയം രാജൻ,കൗൺസിലർ
ദുർഗന്ധം കാരണം പുറത്തിറങ്ങാൻ സാധിക്കുന്നില്ല. അധികൃതർ ഇടപെടണം.
രതികുമാരി,പ്രദേശവാസി
ഇത് ചില വീടുകളെ മാത്രം ബാധിക്കുന്ന വിഷയമല്ല.ഈ പ്രദേശത്തെ മുഴുവൻ ആശങ്കയിലാക്കുന്ന പ്രശ്നമാണ്.
റസിഡന്റ്സ് ഭാരവാഹി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |