ആലപ്പുഴ: അറബിക്കടലിൽ ചരക്ക് കപ്പൽ മുങ്ങിയതിനെത്തുടർന്ന് ഒഴുകിപ്പോയ കണ്ടെയ്നറുകൾ മത്സ്യബന്ധന മേഖലയ്ക്ക് കനത്ത ഭീഷണിയാകുന്നു. കണ്ടെയ്നറുകൾ നീക്കം ചെയ്യുമെന്ന് കോസ്റ്റ് ഗാർഡ് ഉൾപ്പടെ ഉറപ്പ് നൽകിയിരുന്നെങ്കിലും എല്ലാം ജലരേഖയായി. ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ ബോട്ടുകൾ വീണ്ടും ആഴക്കടലിലേക്ക് പോയി തുടങ്ങിയിട്ടുണ്ട്. ഇതോടെ ചാകരക്കൊയ്ത്തിന് സമാനമായ ഉണർവും മത്സ്യമേഖലയിലുണ്ടായിട്ടുണ്ട്. എന്നാൽ കണ്ടെയ്നറിൽ കുടുങ്ങി വല നഷ്ടമാകുകയോ, കേടുപാട് സംഭവിക്കുമോ എന്ന ഭീതിയോടെയാണ് കടലിലേക്ക് വള്ളമിറക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
കണ്ടെയ്നറിൽ കുടുങ്ങി വല നഷ്ടമായ സംഭവങ്ങൾ ട്രോളിംഗ് നിരോധന കാലത്ത് പോലും ഉണ്ടായിട്ടുണ്ട്. അഴീക്കൽ ഹാർബറിന് പടിഞ്ഞാറ് ഇൻബോർഡ് വള്ളത്തിന്റെ വലയും അനുബന്ധ ഉപകരണങ്ങളും ഇത്തരത്തിൽ നശിച്ചിരുന്നു. കണ്ടെയ്നറിന്റെ വലിയ ലോഹപ്പാളികളാണ് വല നശിപ്പിക്കുന്നത്. ഇതോടെ വലിയ നഷ്ടമാണ് അവർ നേരിടേണ്ടിവരുന്നത്. ട്രോളിംഗ് നിരോധനം കഴിഞ്ഞതോടെ പ്രതിസന്ധി രൂക്ഷമാകും. മിച്ച വരുമാനം ലക്ഷ്യമിട്ടാണ് ഓരോ വലയും എറിയുന്നത്. എന്നാൽ ഇതേ വലകളെ കണ്ടെയ്നർ ഭാഗങ്ങൾ നശിപ്പിച്ചു കളയുന്നതോടെ നിരവധി കുടുംബങ്ങളുടെ വരുമാനമാണ് ഒറ്റയടിക്ക് ഇല്ലാതാകുന്നത്. കണ്ടെയ്നറിൽ നിന്ന് പുറത്തുപോയ പ്ലാസ്റ്റിക്ക് പെല്ലറ്റുകൾ ഉൾപ്പടെ തീരത്തടിയുന്ന പ്രതിഭാസം പൂർണമായി അവസാനിച്ചിട്ടില്ല. പല തീരങ്ങളിൽ അടിഞ്ഞ പെല്ലറ്റുകൾ ഇനിയും പൂർണമായി നീക്കിയിട്ടില്ലെന്നും പരാതിയുണ്ട്. എന്തായാലും ഇത്തവണ കാലവർഷം ലഭിച്ചതോടെ കിളിമീൻ ഉൾപ്പടെയുള്ള മത്സ്യങ്ങൾ കൂടുതലായി കിട്ടിത്തുടങ്ങിയത് വലിയ പ്രതീക്ഷയായിട്ടാണ് മത്സ്യത്തൊഴിലാളികൾ കാണുന്നത്.
തിരിച്ചടിയായി കള്ളക്കടൽ
കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.
54 ദിവസത്തെ ട്രോളിംഗ് നിരോധനം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചകരക്കൊയ്ത്താണ് പ്രതീക്ഷിച്ചതെങ്കിലും പരമാവധി അഞ്ച് ദിവസം മാത്രമാണ് കോളുണ്ടായത്. ചൂടയും നത്തോലിയും മാത്രമാണ് കൂടുതലായി ലഭിച്ചത്.
വലിയ ആശങ്കയോടെയാണ് കടലിൽ വള്ളമിറക്കുന്നത്. കണ്ടെയ്നറുകളിൽ ഉടക്കി വല ചെറുതായി കീറിയാൽപ്പോലും വലിയ നഷ്ടം നേരിടേണ്ടി വരും. നേരിട്ടും അല്ലാതെയും മത്സ്യബന്ധന മേഖലയെ ആശ്രയിക്കുന്ന എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണിത്
- മത്സ്യത്തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |