മലപ്പുറം: ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനായി ആരോഗ്യവകുപ്പ് നടത്തിയ ശൈലീ ആപ്പ് രണ്ടാംഘട്ട സർവേയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ രോഗസാദ്ധ്യത കണ്ടെത്തിയത് 18,330 പേർക്ക്. ആകെ പരിശോധനയ്ക്ക് വിധേയരായത് 48,903 പേരാണ്. 758 പേർക്കാണ് കാൻസർ സാദ്ധ്യത കണ്ടെത്തിയത്. ഇതിൽ 410 പേർക്ക് സ്തനാർബുദ ക്യാൻസർ സാദ്ധ്യതയാണ് കണ്ടെത്തിയത്. ഗർഭാശയ ക്യാൻസർ, വായിലെ ക്യാൻസർ സാദ്ധ്യത കണ്ടെത്തിയത് യഥാക്രമം 219, 129 പേർക്കാണ്. ക്ഷയരോഗ സാദ്ധ്യത കണ്ടെത്തിയത് 628 പേർക്കാണ്. 775 പേർക്ക് ശ്വാസകോശ സംബന്ധമായ പരിശോധന നിർദ്ദേശിച്ചിട്ടുണ്ട്. 12,421 പേർക്ക് കാഴ്ച പരിശോധനയും 1,212 പേർക്ക് ശ്രവണ പരിശോധനയും നിർദ്ദേശിച്ചിട്ടുണ്ട്.
പരിശോധനയ്ക്ക് വിധേയമായവരിൽ 11,086 പേർ 60ന് മുകളിൽ പ്രായമുള്ളവരാണ്. 592 പേർ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരും 458 പേർ കിടപ്പിലായവരുമാണ്.
ആശാവർക്കർമാർ വീടുകളിലെത്തി ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശൈലീ ആപ്പ് മുഖേന ശേഖരിക്കും. പ്രമേഹം, രക്തസമ്മർദ്ദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി ശേഖരിക്കുന്നത്. കൂടാതെ കാൻസർ, ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും. സർവേയിൽ ഹൈറിസ്‌ക് കാറ്റഗറിയിൽപ്പെടുന്നവരെ ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ വച്ച് സ്‌ക്രീൻ ചെയ്യും. പ്രഷർ, ഷുഗർ എന്നിവയാണ് ഇവിടെ വച്ച് സ്‌ക്രീൻ ചെയ്യുന്നത്. കാൻസർ, ക്ഷയം, കുഷ്ഠം തുടങ്ങിയവയുടെ സ്‌ക്രീനിംഗ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് നടത്തുന്നത്. പാപ്സ്മിയർ, ബയോപ്സി പരിശോധനകൾ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ചെയ്യും. ഇവയുടെ സാമ്പിൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കാണ് അയക്കുന്നത്.
ആകെ പരിശോധന - 48,903
രോഗസാദ്ധ്യതയുള്ളവർ - 18,330
കാൻസർ സാദ്ധ്യത - 758
ക്ഷയരോഗ സാദ്ധ്യത - 628
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |