ഇടുക്കി: രാമക്കൽമേട് ടൂറിസം കേന്ദ്രത്തിലെ നവീകരണ പ്രവർത്തനങ്ങൾക്ക് 1,02,40,305 രൂപയുടെ സർക്കാർ ഭരണാനുമതി ലഭിച്ചു. രാമക്കൽമേട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന ടൂറിസം വകുപ്പ് നവീകരണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകിയത്.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധിയാളുകളാണ് രാമക്കൽമേട്ടിലെത്തുന്നത്. രാമക്കൽമേട്ടിൽ നിന്നുള്ള തമിഴ്‌നാട്-കേരള അതിർത്തിയുടെ വിദൂര ദൃശ്യഭംഗി ഏതൊരാളിന്റേയും മനം കവരുന്നതാണ്. എപ്പോഴും കാറ്റ് വീശുന്ന രാമക്കൽമേട്ടിലെ സർക്കാർ വക കാറ്റാടിപ്പാടങ്ങളും നയന മനോഹര കാഴ്ച സമ്മാനിക്കും.ചുറ്റുവേലി നിർമ്മാണത്തിനു പുറമെ ഇരിപ്പിടങ്ങൾ, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ, പുൽമൈതാനം, സോളാർ ലൈറ്റ്, മാലിന്യക്കൂടകൾ, പൊതുശൗചാലയങ്ങൾ, കുറവൻ കുറത്തി ശില്പം, മലമുഴക്കി വേഴാമ്പൽ വാച്ച്ടവർ, ചെറിയ കുട്ടികളുടെ പാർക്ക്, കാന്റീൻ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുക.
എട്ടുമാസത്തിനകം
പൂർത്തിയാക്കും
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനാണ് രാമക്കൽമേടിന്റെ പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല. നവീകരണ പ്രവൃത്തികൾ എട്ടുമാസത്തിനകം പൂർത്തിയാക്കണമെന്നാണ് ഉത്തരവ്. .രാവിലെ 8.30 മുതൽ വൈകിട്ട് 7 വരെയാണ് സന്ദർശന സമയം. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും 15 രൂപ, 15 വയസിനു മുകളിലുള്ളവർക്ക് 25 രൂപ എന്നിങ്ങനെയാണ് പ്രവേശനനിരക്ക്. രാമക്കൽമേട്ടിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനം ഡി.ടി.പി.സിയ്ക്കും 40 ശതമാനം ടൂറിസം വകുപ്പിനുമായി ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു.
'ഇടുക്കി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ രാമക്കൽമേടിനെ ടൂറിസം ഭൂപടത്തിലെ അവിഭാജ്യഘടകമായി മാറ്റാനാണ് ശ്രമിക്കുന്നത്.
ഹൈറേഞ്ച് മേഖലയിലെ ടൂറിസം സാദ്ധ്യതകൾ കൂടുതൽ വിപുലപ്പെടുത്താൻ രാമക്കൽമേട് പോലുള്ള ടൂറിസം കേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തിയിലൂടെ ലക്ഷ്യമിടുന്നു. സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടു വയ്ക്കുന്ന അനുഭവവേദ്യ ടൂറിസം സംരംഭങ്ങൾക്ക് രാമക്കൽമേട്ടിൽ വലിയ സാദ്ധ്യതയുണ്ട്..
ടൂറിസം മന്ത്രി
പി എ മുഹമ്മദ് റിയാസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |