തിരുവനന്തപുരം:സാങ്കേതിക സർവകലാശാലയിൽ ഇക്കൊല്ലവും ബിരുദ കോഴ്സുകളിൽ ഇയർ ഔട്ട് നടപ്പിലാക്കില്ല.അഞ്ചാം സെമെസ്റ്ററിലേക്ക് പ്രവേശിക്കുന്നതിന് ആദ്യ രണ്ട് സെമെസ്റ്ററുകളിൽ നിന്നായി 21 ക്രെഡിറ്റും ഏഴാം സെമെസ്റ്ററിലേക്കും പ്രവേശിക്കുന്നതിന് ആദ്യ നാല് സെമെസ്റ്ററുകളിൽ നിന്നായി 47 ക്രെഡിറ്റും വിദ്യാർത്ഥികൾ നേടിയിരിക്കണം.ഈ മാനദണ്ഡമാണ് ഈ വർഷം നടപ്പാക്കേണ്ടെന്ന് തീരുമാനിച്ചത്.കൊവിഡ് കാലം മുതൽ ഇയർഔട്ട് ഒഴിവാക്കിയിരുന്നു.ബി.ടെക്ക് കോഴ്സുകളിൽ 4208 വിദ്യാർത്ഥികൾ ഏഴാം സെമസ്റ്റർ രജിസ്ട്രേഷന് ആവശ്യമായ 47 ക്രെഡിറ്റ് നേടിയിട്ടില്ല.അഞ്ചാം സെമസ്റ്ററിലേക്ക് വേണ്ട 21 ക്രെഡിറ്റ് 6428 വിദ്യാർത്ഥികൾക്കില്ല.ആകെ വിദ്യാർത്ഥികളുടെ 15ഉം 20ഉം ശതമാനം പേരുണ്ട് ഇവർ.അഞ്ചാം സെമസ്റ്ററിലേക്ക് രജിസ്ട്രേഷൻ നടത്താനായില്ലെങ്കിൽ പുതിയ സിലബസിലേക്ക് ഇവർക്ക് മാറേണ്ടിവരും.ബിടെക് കോഴ്സുകളിലേതിന് സമാനമായ സ്ഥിതിയാണ് മറ്റ് ബിരുദ കോഴ്സുകളിലും.ഇത് കണക്കിലെടുത്താണ് വൈസ്ചാൻസലറുടെ അധികാരമുപയോഗിച്ച് ഇയർഔട്ട് ഒഴിവാക്കാൻ തീരുമാനിച്ചത്.ഈ തീരുമാനത്തിന് അക്കാഡമിക് കൗൺസിലും ബോർഡ് ഒഫ് ഗവർണേഴ്സും അംഗീകാരം നൽകേണ്ടതുണ്ടെന്നും അക്കാഡമിക് ഡീൻ ഡോ.വിനു തോമസിന്റെ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |