ഓവൽ: മുമ്പെങ്ങും ക്രിക്കറ്റ് ലോകം കണ്ടിട്ടില്ലാത്ത ഒരു ഗംഭീറിനെയാണ് ഇന്നലെ നടന്ന ഓവൽ ടെസ്റ്റിന്റെ വിജയാഘോഷത്തിൽ കാണാൻ കഴിഞ്ഞത്. മത്സരം വിജയിച്ചതിനു പിന്നാലെ ടീമിന്റെ കോച്ചായ ഗംഭീറിന്റെ വികാരഭരിതമായ ആഘോഷപ്രകടനമാണ് ബിസിസിഐ പുറത്തു വിട്ട ദൃശ്യങ്ങളിലൂടെ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
സിറാജ് അവസാന വിക്കറ്റ് നേടിയതോടെ ഇന്ത്യൻ ഡ്രസ്സിംഗ് റൂം സന്തോഷത്താൽ നിറഞ്ഞു. സഹപ്രവർത്തകരെ കെട്ടിപ്പിടിച്ച് കണ്ണീരോടെയാണ് ഗംഭീർ ഇന്ത്യയുടെ വിജയം ആഘോഷിച്ചത്. ഇത്രയും വികാരഭരിതനായി ഗംഭീർ വിജയം ആഘോഷിക്കുന്നത് മുമ്പൊരിക്കലും കണ്ടിട്ടില്ല. മത്സരത്തിനു ശേഷം ഗംഭീർ കുറിച്ച ട്വീറ്റും ശ്രദ്ധേയമായി. ''ചിലപ്പോൾ നമ്മൾ ജയിക്കും, ചിലപ്പോൾ തോൽക്കും. പക്ഷേ ഒരിക്കലും കീഴടങ്ങില്ല." ഗംഭീർ കുറിച്ചു.
ആറു റൺസിനാണ് അഞ്ചാം ടെസ്റ്റിന്റെ അഞ്ചാം ദിനം ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപ്പിച്ചത്. അവസാന ദിനം നാല് വിക്കറ്റുകൾ ബാക്കി നിൽക്കെ ഇംഗ്ലണ്ടിന് 35 റൺസായിരുന്നു വേണ്ടിയിരുന്നത്. മുഹമ്മദ് സിറാജിന്റെയും പ്രസീദ് കൃഷ്ണയുടെയും മികച്ച ബൗളിംഗ് പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ 3-1ന് തോൽക്കാൻ സാദ്ധ്യതയുണ്ടായിരുന്ന അഞ്ചുമത്സര പരമ്പര 2-2ന് സമനിലയിലാക്കാൻ ശുഭ്മാൻ ഗില്ലിന്റെ യുവ ഇന്ത്യയ്ക്ക് കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |