കൊച്ചി: പവന് ഒറ്റയടിക്ക് 600 രൂപ വർദ്ധിച്ച് സ്വർണവില കുതിപ്പ് തുടരുന്നു. 74, 960 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 75 രൂപ കൂടി 9,370 രൂപയായി. ജൂലായിൽ കുറിച്ച സർവകാല റെക്കാഡായ 75,040 എത്താൻ വെറും 80 രൂപയുടെ കുറവ് മാത്രം. അടുത്ത ദിവസം തന്നെ പുത്തൻ റെക്കാർഡ് കുറിക്കുമെന്ന് സാമ്പത്തിക രംഗത്തെ വിദഗ്‌ദ്ധർ പറയുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയിലും സ്വർണത്തിന്റെ വിലയിൽ കുതിപ്പ് തുടരുന്നത്. ഇന്നലെ ഔൺസിന് 3371 ഡോളറിലാണ് അന്താരാഷ്ട്രവിപണിയിൽ സ്വർണവ്യാപാരം നടന്നത്. അന്താരാഷ്ട്രവിപണിയിൽ വൻതോതിൽ ലാഭമെടുപ്പ് നടന്നാൽ സ്വർണവില താഴാനിടയുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ചുങ്കപ്പോര് തുടരുന്നത് സുരക്ഷിതനിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയ്ക്ക് മേൽ അധികനികുതി ഏൽപ്പിക്കുമെന്ന ട്രംപിന്റെ ഭീഷണി ഓഹരിവിപണിയെ പിടിച്ചുകുലുക്കി. സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. സെൻസെക്സ് 308 പോയിന്റ് ഇടിഞ്ഞ് 80710ലും നിഫ്റ്റി 73 പോയിന്റ് ഇടിഞ്ഞ് 24,649ലും വ്യാപാരം അവസാനിച്ചു. ഫാർമ, ഐ.ടി ഓഹരികളാണ് പ്രധാനമായും ഇടിഞ്ഞത്. അതേസമയം, രാജീവ് ആനന്ദ് സി.ഇ.ഒയായി നിയമിച്ചതിന്റെ ചുവടുപിടിച്ച് ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഓഹരി 4ശതമാനം കുതിച്ചുയർന്നു. റഷ്യൻ ഓയിൽ വാങ്ങുന്നത് തുടർന്നാൽ 24 മണിക്കൂറിനകം ഇന്ത്യയ്ക്ക് മേൽ അധികനികുതി ചുമത്തുമെന്ന് ട്രംപ് ഭീഷണി തുടർന്നിട്ടുണ്ട്. ഇത് ഓഹരിവിപണിയെ വീണ്ടും പ്രതികൂലമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |