ഇടുക്കി: 70 പേരുടെ ജീവൻ കവർന്ന പെട്ടിമുടി ദുരന്തത്തിന് അഞ്ച് വയസ് തികയുമ്പോൾ മനുഷ്യനും വളർത്തുനായയും തമ്മിലുള്ള അത്മബന്ധത്തിന്റെ മറ്രൊരു അവിസ്മരണീയ മുഹൂർത്തം നൽകിയ നായ 'കുവി'യെ ആരും മറക്കാനിടയില്ല.തന്റെ കളിക്കൂട്ടുകാരിയായിരുന്ന രണ്ടരവയസുകാരി ധനുഷ്കയെ ദുരന്തഭൂമിയിൽ തേടിനടന്ന് ഒടുവിൽ ചേതനയറ്റ് കണ്ടെത്തിയത് കുവിയായിരുന്നു.
ഉറ്റവരെ നഷ്ടമായതിനെ തുടർന്ന് ലയത്തിന് പിന്നിൽ ഭക്ഷണം കഴിക്കാതെ അവശനിലയിലായ കുവിയെ അന്ന് ജില്ലാ ഡോഗ്സ്‌ക്വാഡിലെ പരിശീലകനായിരുന്ന അജിത് മാധവൻ ഏറ്റെടുത്തു. ഇപ്പോൾ അജിത്തിന്റെ ചേർത്തല കൃഷ്ണകൃപയിലെ വീട്ടിൽ രണ്ടാമതും അമ്മയാകാനുള്ള ഒരുക്കത്തിലാണ് കുവി. നല്ല ഭക്ഷണവും മരുന്നുമൊക്കെയായി അവൾ ഇവിടെ ഹാപ്പിയാണ്. ഒപ്പം കളിക്കാൻ അജിത്തിന്റെ വീട്ടിലെ വിവിധ ഇനങ്ങളിലുള്ള നായ്ക്കളുണ്ട്. ഇടയ്ക്ക് ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മാളിന്റെ ആഗ്രഹപ്രകാരം കുവിയെ തിരിച്ചേൽപ്പിച്ചെങ്കിലും അജിത്തിന് തന്നെ തിരികെ നൽകി. 2021ൽ രണ്ട് ആണും പെണ്ണുമടക്കം നാല് കുഞ്ഞുങ്ങൾക്ക് കുവി ജന്മം നൽകിയിരുന്നു. ഇതിനിടെ ദേശീയ- അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 'നജസ് " എന്ന സിനിമയിൽ മുഴുനീള വേഷവും കുവി ചെയ്തു.
ദുരന്തത്തിന് ഇന്ന് 5 വയസ്
മലമുകളിൽ നിന്ന് പൊട്ടിയൊഴികിയ ഉരുൾ 2020 ഓഗസ്റ്റ് ആറ് അർദ്ധരാത്രിയിലാണ് പെട്ടിമുടിയെ നാമാവശേഷമാക്കിയത്. അന്ന് കുഞ്ഞുങ്ങളും നിറഗർഭിണിയും ഉൾപ്പടെ 70 പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഇതിൽ നാല് പേരുടെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. മരിച്ചവരുടെ ബന്ധുക്കൾക്ക് കേരള സർക്കാർ അഞ്ച് ലക്ഷവും തമിഴ്നാട് സർക്കാർ മൂന്ന് ലക്ഷവും പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെയും തമിഴ്നാടിന്റെയും ധനസഹായം കിട്ടിയെങ്കിലും കേന്ദ്രം പ്രഖ്യാപിച്ച രണ്ട് ലക്ഷം ഇതുവരെ ലഭിച്ചില്ല. ദുരന്തത്തിൽ ഉറ്റവർ നഷ്ടപ്പെട്ട എട്ടു പേർക്ക് കുറ്റിയാർവാലിയിൽ കണ്ണൻദേവൻ കമ്പനി വീട് നിർമ്മിച്ചു നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |