പിറവം: പിറവം നഗരസഭ സംഘടിപ്പിക്കുന്ന ഓണോത്സവം - 2025ന്റെ സ്വാഗതസംഘം ഓഫീസ് പുത്തൻകുരിശ് ഡിവൈ.എസ്.പി വി.ടി. ഷാജൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു സമ്മാനക്കൂപ്പണിന്റെ ആദ്യ വില്പന നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലീം അദ്ധ്യക്ഷനായി. ആഗസ്റ്റ് 26ന് വൈകുന്നേരം 3 മണിക്ക് പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് അത്തം സായാഹ്ന സാംസ്കാരിക ഘോഷയാത്രയോടെ നഗരസഭയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. അത്തച്ചമയ ഘോഷയാത്രയ്ക്ക് വാദ്യമേളങ്ങൾ, മയൂര നൃത്തം, അമ്മൻകുടം, വിവിധ കലാരൂപങ്ങൾ, 27 വാർഡുകളിൽ നിന്നായി കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, അങ്കണവാടി ടീച്ചർമാർ, ഹരിതകർമ്മ സേന അംഗങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവർ അണിനിരക്കും. സെപ്തംബർ ഒന്നിന് രാവിലെ 10ന് പോസ്റ്റോഫീസ് കവലയിൽ ഫുഡ് ഫെസ്റ്റ്, തീറ്റ മത്സരം, തിരുവാതിരകളി, കൈകൊട്ടിക്കളി, 2ന് നഗരസഭ കാര്യാലയ അങ്കണത്തിൽ പ്രദർശന വടംവലി മത്സരം, 3ന് രാവിലെ 9 മണിക്ക് നഗരസഭാ ഹാളിൽ പൂക്കള മത്സരം എന്നിവ നടക്കും. ഓണത്തോടനുബന്ധിച്ച് നടത്തിയിരുന്ന പിറവം വള്ളംകളി മത്സരം നടത്താൻ ടൂറിസം വകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്ന് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു. സ്വാഗതസംഘം ട്രഷർ പി.കെ. പ്രസാദ്, നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ,നഗരസഭ സെക്രട്ടറി വി. പ്രകാശ് കുമാർ, എക്സിക്യുട്ടീവ് അംഗങ്ങൾ എന്നിവർ ഓഫീസ് ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |