തൃക്കരിപ്പൂർ: ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളടക്കമുള്ള മാലിന്യങ്ങൾ പുഴയിൽതള്ളുന്നത് പുഴ മലീമസമാക്കുന്നതോടൊപ്പം ഉൾനാടൻ മത്സ്യബന്ധന തൊഴിലാളികൾക്കും കടുത്ത ഭീഷണി സൃഷ്ടിക്കുന്നു. പുഴയോരങ്ങളിലെ വീടുകളിൽ നിന്നും മറ്റു വിവിധ സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് അറിഞ്ഞോ അറിയാതെയോ കവ്വായി കായലിന്റെ വിവിധ ഭാഗങ്ങളായ പുഴകളിൽക്കൂടി ഒഴുകിയെത്തുന്നത്.
പുഴകളിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കും ഈ മാലിന്യങ്ങൾ വലിയ വിനയാകുന്നുവെന്നാണ് പരക്കെ പരാതി ഉയരുന്നത്. ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികളുടെ വലിയ ശേഖരമാണ് ചിലപ്പോൾ വലയിൽ കുടുങ്ങുന്നത്. അതോടൊപ്പം കോഴി, പട്ടി, പൂച്ച എന്നിവയുടെ മൃതശരീരങ്ങളും ശരീര അവശിഷ്ടങ്ങളും പുഴയിൽ ഒഴുക്കുന്ന പ്രവണത തുടരുന്നുണ്ട്.
ഇത്തരം മാലിന്യങ്ങൾ വലകളിൽ കുടുങ്ങിയാൽ അവയെ നീക്കം ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ് തൊഴിലാളികൾക്ക് ഉണ്ടാക്കുന്നത്. മാത്രമല്ല വേലിയേറ്റ സമയങ്ങളിൽ ഇവ ഒഴുകിയെത്തി കരയിൽ നിക്ഷേപിക്കപ്പെടുന്നത് പരിസരം ദുർഗ്ഗന്ധപൂരിതവും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. മടക്കര മത്സ്യബന്ധന തുറമുഖമടക്കം ആയിറ്റി, വെള്ളാപ്പ് തുടങ്ങിയിടങ്ങളിലെ പുഴയോരങ്ങളിൽ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നത് ഇത്തരം സംഭവങ്ങൾക്ക് പ്രത്യക്ഷ ദൃഷ്ടാന്തങ്ങളാണ്.
ഇവ നീക്കം ചെയ്യാനോ, പുഴകളിൽ മാലിന്യനിക്ഷേപം നടത്തുന്നത് പരിശോധിക്കാനോ അതിനെതിരെ നടപടികൾ സ്വീകരിക്കാനോ പഞ്ചായത്തിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്തു നിന്ന് സ്ഥിരംപരിശോധന സംവിധാനം ഉണ്ടാകാറില്ലെന്നാണ് ആക്ഷേപം. ഇതുസംബന്ധിച്ച് പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുന്നതോടൊപ്പം കുറ്റക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പുഴകളിൽ മാലിന്യങ്ങൾ തള്ളുന്നത് നിയമവിരുദ്ധമാണ്. ഇതിന് വ്യക്തമായ തെളിവുകൾ നൽകുന്നവർക്ക് പാരിതോഷികം നൽകുന്നതോടൊപ്പം കുറ്റക്കാരിൽ നിന്നും വൻ തുക പിഴയും ഈടാക്കാറുണ്ട്.
പഞ്ചായത്തധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |