മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന പുത്തുമലയിലെ ചാമുണ്ഡേശ്വരിക്ഷേത്രം പുനസ്ഥാപിക്കാനായില്ല. പുത്തുമലയിൽ വിശാലമായ സൗകര്യത്തോടെ പ്രവർത്തിച്ചിരുന്ന ക്ഷേത്രം ദുരന്തത്തിൽ പൂർണമായും ഇല്ലാതായിരുന്നു. ക്ഷേത്രം പുനസ്ഥാപിക്കുന്നതിന് സർക്കാർ സഹായം ഉറപ്പു നൽകിയെങ്കിലും പിന്നീട് പാലിക്കപ്പെട്ടില്ല. കാശ്മീർ പ്രദേശത്ത് ഹാരിസൻസ് മലയാളം പ്ലാന്റേഷൻ അര ഏക്കർ സ്ഥലം ക്ഷേത്രത്തിന് വിട്ടുനൽകി. ഇവിടെ ക്ഷേത്ര നിർമ്മാണം ആരംഭിച്ചില്ലെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം നിർമ്മാണം പൂർത്തിയാക്കാനായില്ല. തോട്ടം തൊഴിലാളികളായ ഭക്തജനങ്ങളാണ് പ്രദേശത്തുള്ളത്. സ്വന്തം നിലയ്ക്ക് നിർമ്മാണം പൂർത്തിയാക്കാൻ ആകില്ല. പലതവണ സർക്കാറിനെ സമീപിച്ചെങ്കിലും യാതൊരുവിധ സഹായവും ഉണ്ടായില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറയുന്നു. പ്രകൃതി ദുരന്തത്തിൽ തകർച്ചനേരിട്ടതിനാൽ തന്നെ സർക്കാറിന് ധനസഹായം അനുവദിക്കാവുന്നതാണ്. എന്നാൽ അത്തരം ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഭക്തജനങ്ങൾ പറയുന്നു. നാല് കെട്ടിടങ്ങളും ചുറ്റുമതിലും പൂർണ്ണമായും തകർന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് നേരിട്ടത്. ക്ഷേത്രം നിന്ന സ്ഥലത്ത് ഇപ്പോൾ പാറകളും കല്ലും അടിഞ്ഞുകൂടിയിരിക്കുകയാണ്. നീർച്ചാൽ ഒഴുകുന്ന പ്രദേശമായി. ഇവിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടത്താൻ കഴിയില്ല. ക്ഷേത്ര പുനർനിർമാണത്തിന് സർക്കാർ സഹായം ഉണ്ടാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |