സുൽത്താൻ ബത്തേരി: തുടർച്ചയായ പുലി ശല്യത്തിന് പുറമെ കഴിഞ്ഞ ഒരാഴ്ചയായി തുടർന്നുവരുന്ന കടുവ ശല്യത്തിന് പരിഹാരം കാണുന്നതിനോ ജനങ്ങളടെ ഭീതി അകറ്റുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കാത്ത വനം വകുപ്പിന്റെ നടപടിക്കെതിരെ ആക്ഷൻ കമ്മിറ്റി വനം വകുപ്പ് ഓഫീസിലെത്തി പ്രതിഷേധിച്ചു. ജനരോക്ഷം ശക്തമായതോടെ പ്രദേശത്ത് ആർ.ആർ.ടി ടീമിന്റെ പരിശോധന കർശനമാക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിലാണ് ചീരാൽ പണിക്കർ പടിയിലും സകൂൾകുന്ന് പരിസര പ്രദേശങ്ങളിലുമായി കടുവയുടെ സാന്നിദ്ധ്യം കണ്ടത്. എന്നാൽ കടുവയെ മേഖലയിൽ നിന്ന് ഒഴിവാക്കുന്നതിന് വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ഇന്നലെ ആക്ഷൻ കമ്മറ്റി പ്രവർത്തകർ തോട്ടാമൂല ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയത്. മുത്തങ്ങ, മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസർമാർ സ്ഥലത്തെത്തി ആക്ഷൻ കമ്മിറ്റി പ്രവർത്തകരുമായി സംസാരിക്കുകയും കടുവ ശല്യത്തിന് പരിഹാരമായി ആർ.ആർ.ടി ടീമിന്റെ സേവനം ഉറപ്പ് വരുത്തുന്നതിന് പുറമെ ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്താനും കൂട് വെക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാമെന്നും ഉറപ്പ് നൽകുകയും ചെയ്തു. മുത്തങ്ങ അസി. വൈൽഡ് ലൈഫ് വാർഡൻ സഞ്ജയ്കുമാർ, മേപ്പാടി റെയിഞ്ച് ഓഫീസർ ബിജു, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർമുരളീധരൻ, ഫോറസ്റ്റർ പ്രകാശ്, ആക്ഷൻ കമ്മറ്റി ഭാരവാഹികളായ സി. ശിവശങ്കരൻ, കെ.ആർ.സാജൻ, എം.എ. സുരേഷ്, പ്രസന്ന ശശീന്ദ്രൻ, കെ.വി. ക്രിസ്തുദാസ്, എ.കെ. രാജൻ, എം. അജയൻ, രജീഷ്, എബി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |