കോസ്റ്റ് ഫോഡ് കൈപറ്റിയത് 17 ലക്ഷം മാത്രം
കോടാലി: കോടാലി ഗവ. സ്‌കൂളിൽ സീലിംഗ് തകർന്ന ഓഡിറ്റോറിയം നിർമ്മിച്ച കോസ്റ്റ് ഫോഡ് ഇതുവരെ കൈപറ്റിയത് 17 ലക്ഷം രൂപ മാത്രം. 47 ലക്ഷം രൂപയ്ക്കാണ് കോസ്റ്റ് ഫോഡ് നിർമ്മാണത്തിനായുള്ള ടെൻഡർ എടുത്തത്. മുൻ എം.എൽ.എയായിരുന്ന പ്രൊഫ. സി.രവീന്ദ്രനാഥ് ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചത് 54 ലക്ഷം രൂപയാണ്. മത്സര സ്വഭാവമുള്ള ടെൻഡർ ക്ഷണിച്ചപ്പോൾ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കോസ്റ്റ് ഫോഡിനായിരുന്നു കരാർ ഉറപ്പിച്ചത്.
ശക്തമായ മഴയിൽ മേൽക്കൂരയുടെ ഷീറ്റ് ഉറപ്പിച്ച സ്‌ക്രൂകളുടെ ഇടയിലൂടെ ഇറങ്ങിയ വെള്ളം ജിപ്‌സം ബോർഡിനു മുകളിൽ കെട്ടിനിന്ന് ഭാരം വർദ്ധിച്ചതാണ് സിലിംഗ് ഒന്നാകെ അടർന്ന് വീഴാൻ ഇടയാക്കിയത്. കോസ്റ്റ് ഫോഡിന്റെ ചെലവിൽ മേൽക്കൂരയുടെ ലീക്ക് മാറ്റി സിലിംഗ് പുനർ നിർമ്മിക്കുമെന്ന് കോസ്റ്റ് ഫോഡ് അധികൃതർ ഉറപ്പു നൽകിയതായി കെ.കെ.രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു കോടാലി ഗവ. സ്കൂളിലെ സീലിംഗ് തകർന്നു വീണത്. ഷീറ്റിനടിയിലെ ജിപ്‌സം ബോർഡാണ് തകർന്നത്. ഓഡിറ്റോറിയത്തിലുണ്ടായിരുന്ന ഫാനും വീണു. അശാസ്ത്രീയമായ നിലയിലാണ് കെട്ടിടം പണിതതെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. രണ്ട് മാസം മുമ്പ് മഴ പെയ്ത് സീലിംഗ് കുതിർന്നപ്പോഴും നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു.
സ്‌കൂളിൽ തകർന്നുവീണ ജിപ്‌സം സീലിംഗ് പുനർനിർമ്മിച്ചു നൽകാമെന്ന് കോസ്റ്റ് ഫോർഡ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. സീലിംഗ് തകർന്നു വീണതിലുണ്ടായ നിർമ്മാണ അപാകത പരിശോധിക്കും. വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും.
- കെ.കെ.രാമചന്ദ്രൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |