തിരുവനന്തപുരം: ചെങ്കൊടികളാൽ ചുവപ്പണിഞ്ഞ തലസ്ഥാന നഗരിയിൽ സി.പി.ഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി. നൂറുകണക്കിന് റെഡ് വോളന്റിയർമാർ അണിനിരന്ന പ്രകടനവും ബഹുജനറാലിയും വർണാഭമായി.
ബാൻഡ് മേളത്തിന് പിന്നാലെ നൂറുകണക്കിന് വോളന്റിയർമാരുടെ പരേഡ് കടന്നുവന്നപ്പോൾ അക്ഷരാർത്ഥത്തിൽ തലസ്ഥാന നഗരി ചുവന്നു. 'മരിക്കാൻ ഞങ്ങൾക്ക് മനസില്ല...എന്നതടക്കമുള്ള വിപ്ലവ ഗാനങ്ങൾ ബാൻഡ് സംഘം മുഴക്കിയപ്പോൾ വീഥിക്ക് ഇരുവശവും കാത്തുനിന്ന അണികൾ ആവേശത്തിൽ മുദ്രാവാക്യം മുഴക്കി. ചെണ്ടമേളത്തിന് പിന്നാലെ പ്രധാന ബാനറിന് കീഴിൽ നേതാക്കൾ അണിനിരന്നു.
മന്ത്രി ജി.ആർ.അനിൽ,ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,രാഖി രവികുമാർ,വി.പി.ഉണ്ണിക്കൃഷ്ണൻ,വി.ശശി എം.എൽ.എ,കെ.ദേവകി,വിളപ്പിൽ രാധാകൃഷ്‌ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
രണ്ടുവരിയായി നീങ്ങിയ വോളന്റിയർ മാർച്ചും ബഹുജന മാർച്ചും സമ്മേളന നഗരിയിലെത്താൻ മണിക്കൂറുകളെടുത്തു. മാർച്ച് എത്തുന്നതിനുമുമ്പേ പുത്തരിക്കണ്ടം മൈതാനത്ത് പൊതുസമ്മേളനം ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ 10ന് ടാഗോർ തിയേറ്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ,ജെ.ചിഞ്ചുറാണി, കെ.ആർ.ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുക്കും. 17 മണ്ഡലങ്ങളിൽ നിന്നായി 410 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |