കണ്ണൂർ: വടക്കെ മലബാറിൽ ആളുകൾ വിവാഹവും ഗൃഹനിർമ്മാണവുമടക്കം ചിലവേറെയുള്ള കാര്യങ്ങൾക്ക് പരസ്പരം സഹായിക്കുന്ന പണപ്പയറ്റിന്റെ വഴി പിടിച്ച് പുസ്തകസമ്പാദനത്തിനായി പുസ്തകപ്പയറ്റും. ചിറ്റാരിപ്പറമ്പിലെ ഓപ്പൺ ലൈബ്രറിയാണ് മലബാറിന്റെ കുറിപ്പയറ്റിന്റെ പാരമ്പര്യം പുതിയ രൂപത്തിൽ അവതരിപ്പിച്ചത്. പണത്തിന് പകരം പുസ്തകങ്ങൾ, പലിശയ്ക്ക് പകരം വിശ്വാസം ഇതാണ് ഇവിടത്തെ പുസ്തകപ്പയറ്റിന്റെ മൗലിക തത്വം.
ഒരിക്കലും വാതിലടയ്ക്കാത്ത വായനശാല എന്ന പേരിൽ പ്രശസ്തമായ ഓപ്പൺ ലൈബ്രറി മൂന്നരവർഷമായി ഏറെ മികവോടൊയാണ് മുന്നോട്ടുപോകുന്നത്. പുസ്തകപ്പയറ്റിൽ പ്രദേശവാസികൾ കുടുംബസമേതവും തനിച്ചുമായി അറുന്നൂറോളം പുസ്തകങ്ങൾ ഇതിനകം നൽകിക്കഴിഞ്ഞു. ഇവയ്ക്ക് ഏകദേശം ഒരു ലക്ഷം രൂപ വില വരും.
കുറിയടിച്ച് ക്ഷണിച്ചാണ് ആളുകൾ പണപ്പയറ്റ് സംഘടിപ്പിക്കുന്നത്. ചിറ്റാരിപ്പറമ്പ് ഓപ്പൺ ലൈബ്രറി പക്ഷെ ലൈബ്രറിക്കു മുന്നിൽ ബോർഡ് സ്ഥാപിച്ചും പരിചയക്കാരെ അറിയിച്ചുമാണ് പുസ്തകപ്പയറ്റ് നടത്തുന്നത്. പുസ്തകവുമായി വരുന്നവർക്ക് പണപ്പയറ്റിന് എത്തുന്നവർക്കുള്ളതുപോലെ ചായയും പലഹാരവും മാത്രമല്ല ഊണുവരെ നൽകും. വരുന്നവർക്ക് കവിതയും പാട്ടും കരോക്ക ഗാനവും പ്രഭാഷണവും അവതരിപ്പിക്കാനുള്ള വേദി കൂടി ലൈബ്രറി ഒരുക്കാറുണ്ട്.
ഉത്സവം പോലെ പയറ്റ് നടത്തിപ്പ്
പുസ്തകങ്ങൾ നൽകുന്നത് വെറുമൊരു ചടങ്ങല്ല ഇവിടെ. കവിതയും പാട്ടും കരോക്കഗാനാലാപനവും പ്രഭാഷണവുമൊക്കെയായി ഒരു സാംസ്‌കാരിക ഉത്സവമായി മാറി. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 48 ഓളം പരിപാടികളാണ് ഈ ലൈബ്രറിയിൽ നടന്നത്. ലൈബ്രറി സ്വന്തം നിലയിൽ അഞ്ച് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു .ജോലിത്തിരക്കുകളിൽ നിന്നും സമ്മർദങ്ങളിൽ നിന്നും രക്ഷനേടി ചിറ്റാരിപറമ്പുകാർ ആശ്വാസത്തിനായി എത്തുന്നതും ഈ ലൈബ്രറിയിലേക്കാണ്. വിനോദസഞ്ചാരം, സംഗീത സായാഹ്നം, കഥാ സായാഹ്നം, പഠന ക്യാമ്പ് എന്നിവയെല്ലാം ഇവിടെ നടക്കുന്നു.ഡോ.കുമാരൻ വയലേരി, കെ.വി.ധർമ്മരാജൻ എന്നിവരാണ് ലൈബ്രറിയുടെ രക്ഷാധികാരികൾ. ജയരാജൻ മടപ്പത്തൂൻ പ്രസിഡന്റായും പ്രവർത്തിക്കുന്നു. അവസാനമായി ലൈബ്രറിയിൽ പുസ്തകപ്പയറ്റ് നടന്നത് കഴിഞ്ഞ 20നാണ്.
പണപ്പയറ്റിലെ സഹവർത്തിത്വം
ചിറ്റാരിപറമ്പ്, പാനൂർ, പൊയിലൂർ, വടകര, നാദാപുരം, കുറ്റിയാടി, തൊട്ടിൽപാലം, ആയഞ്ചേരി, വില്യാപ്പള്ളി, പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിൽ ഇന്നും പണപ്പയറ്റ് സമ്പ്രദായം നിലവിലുണ്ട്. ചെറിയ ചായക്കടകളിലാണ് പരമ്പരാഗതമായി പണപ്പയറ്റ് നടക്കാറ്. നാട്ടുവാർത്തകൾ പറഞ്ഞും ചായകുടിച്ചും ലഘുപലഹാരങ്ങൾ കഴിച്ചും ഒത്തുകൂടുന്നവർ നൂറ്, ഇരുനൂറ്, അഞ്ഞൂറ് രൂപ എന്ന രീതിയിൽ സംഭാവന നൽകും. ഒരാൾ ഇതെല്ലാം കൃത്യമായി എഴുതിവെക്കും.കുറിപ്പയറ്റിലൂടെ ശേഖരിക്കുന്ന തുക കല്യാണത്തിനും വീടുനിർമ്മാണത്തിനും ചികിത്സാചിലവിനുമൊക്കെ ആളുകൾക്ക് വലിയതോതിൽ ഉപകരിക്കും. പയറ്റിലൂടെ പണം ലഭിച്ചയാൾ പിന്നീട് മറ്റൊരാൾക്ക് നൽകുന്ന തുകയിൽ അല്പം വർദ്ധനവുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |