മല്ലപ്പള്ളി: മല്ലപ്പള്ളി വില്ലേജ് ഓഫീസിന് സമീപം മാലിന്യം കുന്നു കൂടുന്നു. ഓഫീസിന് പിന്നിലായി ചാക്കുകളിലാക്കിയും പ്ലാസ്റ്റിക്ക് കവറിലുമായി ടൺ കണക്കിന് മാലിന്യമാണ് തള്ളുന്നത്.കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ മല്ലപ്പള്ളി വലിയപാലത്തിനും വില്ലേജ് ഓഫീസിനും ഇടയിലുള്ള പുറമ്പോക്ക് ഭൂമിയിലാണ് അറവുശാലകളിൽ നിന്നടക്കമുള്ള മാംസ അവശിഷ്ടങ്ങൾ ഉൾപ്പെടെ ചാക്കുകളിലാക്കി വ്യാപകമായി തള്ളുന്നത്. മഴയിൽ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന നിലയിലാണ്. പഞ്ചായത്ത് അധികൃതർക്ക് നിരവധി പരാതി നൽകിയെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ല. ദുർഗന്ധം കാരണം ജീവനക്കാർ ഓഫീസിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. തെരുവ് നായ്ക്കൾ ഇവ വലിച്ച് കൊണ്ട് പോയി സമീപ പ്രദേശങ്ങളിൽ ഇടുകയും പക്ഷികൾ കിണറുകളിൽ ഇവ കൊണ്ടിടുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ മാലിന്യം കുന്നുകൂടി കിടക്കുന്ന കാരണത്താൽ നായ്ക്കളുടെ ശല്യവും ഇവിടെ പ്രതിദിനം വർദ്ധിക്കുകയാണ്. അധികൃതർ ഇടപെട്ട് അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |