കായംകുളം: കഥകളി ആചാര്യൻ മാങ്കുളം വിഷ്ണു നമ്പൂതിരിയുടെ മകനും പ്രശസ്ത കഥകളി ചെണ്ടവാദ്യകലാകാരനും ആലപ്പുഴ എസ്.ഡി കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന ഡോ.മാങ്കുളം കൃഷ്ണൻ നമ്പൂതിരി (74) നിര്യാതനായി. അസുഖബാധിതനായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അന്ത്യം. മാങ്കുളം വിഷ്ണു നമ്പൂതിരിയുടെയും സരസ്വതി അന്തർജ്ജനത്തിന്റെയും മകനായി 1951 ജനുവരി 20 നായിരുന്നു ജനനം. ബയോകെമസ്ട്രിയിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്. ദേശീയ,അന്തർദേശീയ വേദികളിൽ ശാസ്ത്രപ്രബന്ധങ്ങൾ, കാനഡയിലെ റിഥംസ് ഒഫ് ഇന്ത്യ ഫെസ്റ്റിവലിൽ പരിപാടികൾ എന്നിവ അവതരിപ്പിച്ചിട്ടുണ്ട്. കലാമണ്ഡലം കേശവന്റെയും വാരണാസി മാധവൻ നമ്പൂതിരിയുടെയും ശിഷ്യനായിരുന്നു. കഥകളി ചെണ്ടവാദ്യകലാകാരനുള്ള കേരള കലാമണ്ഡലം അവാർഡ്,സംഗീതനാടക അക്കാഡമി പുരസ്കാരം, ടാഗോർ ജയന്തി സമഗ്ര സംഭാവന പുരസ്‌കാരം,മികച്ച കോളേജ് അദ്ധ്യാപകനുള്ള സെന്റ് ബർക്കമെൻസ് അവാർഡ്,യു.എസ് ഫെലോഷിപ്പ് തുടങ്ങി നിരവധി ദേശീയ,അന്തർദ്ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വിദേശ യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസറായും പ്രവർത്തിച്ചു. ഭാര്യ:സുഭദ്രാദേവി. മക്കൾ:ലത കെ.നമ്പൂതിരി (മാനേജർ, കാനറ ബാങ്ക് മാവേലിക്കര),കവിത കെ.നമ്പൂതിരി. മരുമക്കൾ: എൻ.സനിൽ (അദ്ധ്യാപകൻ ദേവസ്വം എച്ച്.എസ്.എസ്, പരുമല),മാധവൻ നമ്പൂതിരി (പ്രൊഫസർ മണിപ്പാൽ യൂണിവേഴ്സിറ്റി). സംസ്കാരം ഇന്ന് വൈകിട്ട് 3ന് കീരിക്കാട് മാങ്കുളം ഇല്ലത്ത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |