തിരുവനന്തപുരം: സി.പി.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി മാങ്കോട് രാധാകൃഷ്ണനെ വീണ്ടും തിരഞ്ഞെടുത്തു. ബാലവേദിയിലൂടെ പൊതുരംഗത്തെത്തിയ മാങ്കോട് രാധാകൃഷ്ണൻ വിദ്യാർത്ഥി യുവജന നേതാവായി ദീർഘകാലം പ്രവർത്തിച്ചു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റും 12വർഷക്കാലം സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറിയുമായിരുന്നു. 1994 മുതൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി. 2001മുതൽ 2011വരെ നെടുമങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായിരുന്നു. നിയമസഭയുടെ പബ്ലിക് അണ്ടർടേക്കിംഗ് കമ്മിറ്റിയുടെ ചെയർമാനായും പ്രവർത്തിച്ചു. ഭാര്യ എസ്.പ്രിജി കുമാരി.മക്കൾ അഞ്ജന കൃഷ്ണൻ, ഗോപിക കൃഷ്ണൻ. 53 പൂർണ അംഗങ്ങളും അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളും ഉൾപ്പെടെ 58 അംഗ ജില്ലാ കൗൺസിലിനേയും 57 സംസ്ഥാന സമ്മേളന പ്രതിനിധികളേയും തിരഞ്ഞെടുത്തു. രണ്ട് ദിവസങ്ങളിലായി ടാഗോർ തിയേറ്ററിൽ നടന്ന പ്രതിനിധി സമ്മേളനത്തെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രിമാരായ കെ.രാജൻ, ജെ. ചിഞ്ചുറാണി, ജി.ആർ അനിൽ,സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.ആർ ചന്ദ്രമോഹനൻ,രാജാജി മാത്യു തോമസ്, എൻ.രാജൻ എന്നിവർ അഭിവാദ്യം ചെയ്തു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും രാഷ്ട്രീയ വിഷയങ്ങളിലുള്ള ചർച്ചയ്ക്ക് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സത്യൻ മൊകേരിയും മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |