കൊല്ലം: അപ്പുവിന്റെ 14 കൊല്ലത്തെ കാത്തിരിപ്പ് സഫലം. മൂന്നാം വയസിൽ നഷ്ടപ്പെട്ട അച്ഛനെ തിരിച്ചുകിട്ടി. ഇനി അമ്മയെ കണ്ടെത്തണം ഈ പതിനേഴുകാരന്. 14 വർഷം മുമ്പ് ഇരവിപുരത്തെ കാരുണ്യതീരം അഭയ കേന്ദ്രത്തിൽ മകനെ ഏല്പിച്ചുപോയതാണ് മൂകയും ബധിരയുമായ യുവതി. വീട്ടിൽ നിൽക്കാനാവാത്ത സ്ഥിതിയാണെന്നും കുഞ്ഞിനെ നോക്കണമെന്നും കുറിപ്പെഴുതി സിസ്റ്ററെ ഏല്പിച്ചു. മകന്റെ ജനന സർട്ടിഫിക്കറ്റും കൈമാറി. കാരുണ്യതീരത്തിന്റെ സ്നേഹത്തണലിൽ അവൻ വളർന്നു. ഏതോ അഭയകേന്ദ്രത്തിൽ താമസിച്ചിരുന്ന അമ്മ ഇടയ്ക്കിടെയെത്തി അപ്പുവിനെ വാരിപ്പുണർന്നിരുന്നു. പിന്നെപ്പിന്നെ വരവ് നിലച്ചു.
അപ്പുവിന് ആറു വയസായപ്പോൾ ആലപ്പുഴ നൂറനാട്ടുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റി സ്കൂളിൽ ചേർത്തു. അവധിക്ക് കാരുണ്യതീരത്തെത്തിയാൽ ആദ്യം തിരക്കുക, തന്നെത്തേടി അമ്മയോ അച്ഛനോ വന്നോ എന്നായിരുന്നു. അവർ വരുമെന്ന് അപ്പു ഉറപ്പിച്ച് പറയുമായിരുന്നു. എസ്.എസ്.എൽ.സി പാസായതോടെ കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി.
അച്ഛനെ കണ്ടെത്താൻ നിമിത്തമായത് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനൽ വെള്ളിമണിന്റെ ഇടപെടലാണ്. കൊല്ലം ചിൽഡ്രൻസ് ഹോമിൽ സങ്കടപ്പെട്ടിരുന്ന അപ്പുവിനോട് സനൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മാതാപിതാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമം തുടങ്ങി. ചിൽഡ്രൻസ് ഹോം സൂപ്രണ്ടും ജീവനക്കാരും അപ്പുവുമായി അഭയകേന്ദ്രങ്ങൾ കയറിയിറങ്ങി. ഒടുവിൽ നൂറനാട്ടെ കേന്ദ്രത്തിൽ നിന്ന് അപ്പുവിന്റെ ജനനസർട്ടിഫിക്കറ്റ് കണ്ടെത്തി. അതിൽ കൊല്ലം കുളത്തൂപ്പുഴയിലെ വിലാസവും അച്ഛന്റെ പേരും ഉണ്ടായിരുന്നു.
അമ്മയ്ക്കായി തെരച്ചിൽ
ജനന സർട്ടിഫിക്കറ്റിലെ വിലാസം വച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതർ അപ്പുവിന്റെ അച്ഛനെ കണ്ടെത്തി. കുളത്തൂപ്പുഴ സാംനഗർ ചരുവിള പുത്തൻവീട്ടിൽ ആർ.ബാലകൃഷ്ണൻ. വിവരമറിയിച്ചതോടെ അച്ഛനും അപ്പച്ചിമാരും കൊല്ലത്തേക്ക് ഓടിയെത്തി. അപ്പൂ... എന്നുവിളിച്ച് അച്ഛൻ വാരിപ്പുണർന്നു. ബാലകൃഷ്ണൻ മകനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മകനെയും ഭാര്യയെയും ഏറെനാൾ അന്വേഷിച്ചിരുന്നെന്ന് കൂലിപ്പണിക്കാരനായ ബാലകൃഷ്ണൻ പറഞ്ഞു. ഇനി മകനുമൊത്ത് ഭാര്യയെ തെരഞ്ഞ് കണ്ടെത്താനാണ് ശ്രമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |