തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകളും വെളിപ്പെടുത്തലും പുറത്തുവന്നത്, യു.ഡി.എഫ് ക്യാമ്പിലും എൽ.ഡി.എഫ് ക്യാമ്പിലും പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു. അടുത്തുവരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളെ പോലും ഈ വോട്ടർ പട്ടിക വിവാദം സ്വാധീനിക്കുമെന്ന ഭീതി പാർട്ടികളുടെ ഉറക്കം കെടുത്തുകയാണ്. സുരേഷ് ഗോപിയുടെ വിജയം അംഗീകരിക്കാൻ കഴിയാത്തതിന്റെ വിഷമമാണ് പുതിയ വിവാദത്തിന് പിന്നിലെന്നാണ് ബി.ജെ.പി നേതാക്കളുടെ അഭിപ്രായം.
ഫ്ലാറ്റുകളിൽ കള്ളവോട്ടർമാരെ ചേർത്തുവെന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പിന് മുമ്പേ ചർച്ചയായിരുന്നു. വിജയത്തോടെ അത് അവസാനിക്കുമെന്നാണ് കരുതിയത്. വീണ്ടും ഇത് തല പൊക്കിയതോടെ പ്രതിരോധിക്കേണ്ട സാഹചര്യമായി. ഇതിനിടെ സുരേഷ് ഗോപി രംഗത്ത് വരാത്തതും പാർട്ടിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
പരാതി നൽകിയിരുന്നു: ജോസഫ് ടാജറ്റ്
വോട്ടർ പട്ടികയിലെ ക്രമക്കേടിനെ സംബന്ധിച്ച് കോൺഗ്രസ് പരാതി നൽകിയിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് അറിയിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ വ്യാജ വോട്ടർമാരെ കുറിച്ച് വിശദവിവരങ്ങൾ സഹിതമാണ് പരാതി നൽകിയത്. ഇലക്ഷൻ കമ്മിഷനും ബി.ജെ.പിയും അട്ടിമറിയെ ദുർബലമായ വാദങ്ങൾ നിരത്തി ന്യായീകരിക്കുന്നത് ശരിയല്ല. ഞങ്ങൾ ചേർത്തിയത് പോലെ നിങ്ങൾക്കുമാകാമായിരുന്നില്ലേ എന്നാണ് ഒരു ബി.ജെ.പി നേതാവിന്റെ ചോദ്യം. ഇത്രയേറെ ക്രമക്കേടുകളുണ്ടെന്ന് ബോദ്ധ്യമായിട്ടും ഇലക്ഷൻ കമ്മിഷൻ ഒരു നടപടിയും സ്വീകരിക്കാത്തത് ക്രമക്കേടുകളെ അംഗീകരിക്കുന്നുവെന്നതിന് തെളിവാണ്.
അട്ടിമറിയെന്ന് തെളിയിക്കും: വി.എസ്.സുനിൽ കുമാർ
സുരേഷ് ഗോപിയുടെ വിജയം തിളക്കമായിരുന്നില്ലെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവരുന്നതെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ്.സുനിൽ കുമാർ പറഞ്ഞു. ഇത് അട്ടിമറി വിജയമാണെന്നതിൽ സംശയമില്ല. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവരുന്നതോടെ അത് വ്യക്തമാകും. ബി.ജെ.പി ഒഴിച്ച് മറ്റെല്ലാ പാർട്ടികളും വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകളിലും ഇത്തരം ക്രമക്കേടുകൾ നടത്താമെന്ന വ്യാമോഹം വേണ്ട.
അട്ടിമറിയില്ല: ജസ്റ്റിൻ ജേക്കബ്
സുരേഷ് ഗോപിയുടെ വിജയം കള്ളവോട്ടിന്റെ ബലത്തിലല്ലെന്ന് എല്ലാവർക്കും ബോദ്ധ്യമുള്ളതാണ്. മുക്കാൽ ലക്ഷത്തോളം വോട്ട് കിട്ടിയത് എല്ലാ പാർട്ടികളിൽ നിന്നും വോട്ട് കിട്ടിയത് കാരണമാണെന്ന് വ്യക്തമാണ്. പക്ഷേ ഇത്തരത്തിൽ ആരോപണം ഉയർത്തിക്കൊണ്ടുവന്ന് വീണ്ടും ബി.ജെ.പിയെ പ്രതിരോധത്തിലാക്കാനാണ് എൽ.ഡി.എഫ്, യു.ഡി.എഫ് ക്യാമ്പുകളുടെ ശ്രമം. പക്ഷേ ഇതൊന്നും തങ്ങളെ ബാധിക്കില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |