□ ഓണത്തിന് മുൻപ് എല്ലാ സ്കൂളിലും സുരക്ഷാമിത്ര ഹെൽപ് ബോക്സ്
തിരുവനന്തപുരം: മാതാപിതാക്കൾ പുനർ വിവാഹിതരാകുമ്പോൾ ആദ്യ വിവാഹത്തിലെ കുട്ടികൾ അവഗണിക്കപ്പെടുന്നതും അതിക്രമത്തിന് ഇരയാവുന്നതും തടയാൻ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കരുതൽ. സുരക്ഷാമിത്ര പദ്ധതിയിലൂടെയാണ് സംരക്ഷണം
ഒരുക്കുന്നത്.
മാതാപിതാക്കൾ പുനർ വിവാഹിതരായ കുട്ടികളുടെ ലിസ്റ്റ് തയാറാക്കുകയും മാസത്തിലൊരിക്കൽ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ചെയ്യും. പെൺകുട്ടിയുടെ വീട് അദ്ധ്യാപികയും ആൺകുട്ടിയുടെ വീട് അദ്ധ്യാപകനുമാണ് സന്ദർശിക്കേണ്ടത്. സാധിക്കാത്ത പക്ഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി, ഹയർ സെക്കൻഡറി സൗഹൃദ ക്ലബ് എന്നിവയിലെ കൗൺസിലർമാർ സന്ദർശിക്കണം. കുട്ടി സമ്മർദ്ദമോ അതിക്രമമോ നേരിടുന്നതായി പരാതിപ്പെട്ടാൽ വിവരം പ്രഥമാദ്ധ്യാപകൻ സമ്പൂർണ പ്ളസ് പോർട്ടലിൽ രേഖപ്പെടുത്തും. കുട്ടിയുടെ പേരും വിലാസവും രഹസ്യമാക്കി വയ്ക്കും പരാതിയുടെ നമ്പർ മാത്രമേ പോർട്ടലിൽ രേഖപ്പെടുത്താവൂ. കുട്ടിയുടെ വിവരങ്ങൾ ജില്ലാ ഓഫീസർമാർ സൂക്ഷിക്കണം. പരാതിയുടെ സ്വഭാവമനുസരിച്ച് തുടർനടപടികൾക്കായി പൊലീസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി, എക്സൈസ് എന്നിവയെ സമീപിക്കാം.
ഡി.ഡിമാരുടെ പ്രതിമാസ മീറ്റിംഗുകളിൽ ജില്ലയിലെ പരാതികൾ എത്ര, പരിഹാരമായത് എത്ര തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ ഇത്
നിരീക്ഷിക്കും. ഡയറക്‌ടറേറ്റ് മൂന്ന് മാസത്തിലൊരിക്കൽ വിശദ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.ഒറ്റപ്പെട്ട വീടുകളിലുള്ള കുട്ടികൾ, അമ്മയോ അച്ഛനോ മാത്രമുള്ള കുട്ടികൾ എന്നിവരുടെ സുരക്ഷയും ഉറപ്പാക്കും. ജോലിക്കാരായ മാതാപിതാക്കൾ മടങ്ങിവരുന്നത് വരെ വീടുകളിൽ കുട്ടികൾ സുരക്ഷിതരാണോയെന്നും പരിശോധിക്കും. അദ്ധ്യാപകർ, അനദ്ധ്യാപകർ, ബന്ധുമിത്രാദികൾ എന്നിവരിൽ നിന്നും ,യാത്രയിലും പൊതുസ്ഥലത്തും ഉണ്ടാവുന്ന ദുരനുഭവങ്ങളും കുട്ടിക്ക് സ്കൂളിൽ അറിയിക്കാം. സുരക്ഷാമിത്രയുടെ ഭാഗമായി അദ്ധ്യാപകർക്കായുള്ള കൗൺസലിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു.
'ഏതു തരം സമ്മർദ്ദവും കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നതിനാലാണ് സുരക്ഷാമിത്ര നടപ്പാക്കുന്നത്.'
-എസ്.ഷാനവാസ്
പൊതു വിദ്യാഭ്യാസ ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |