തൃശൂർ: 28 വേദികളിൽ 249 ഇനങ്ങളിലായി 14,000ഓളം പേർ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മാറ്റുരയ്ക്കുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. തൃശൂരിൽ ജനുവരി 7 മുതൽ 11 വരെ നടക്കുന്ന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലോത്സവം ചിട്ടയായി നടത്തുന്നതിന് എല്ലാം ക്രമീകരണങ്ങളും നടത്തും. കലോത്സവത്തിനെത്തുന്നവർക്ക് വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കാൻ ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽ നിന്ന് പലചരക്ക്, പച്ചക്കറികൾ ശേഖരിക്കാനാണ് ആലോചിക്കുന്നത്. കഴിഞ്ഞ വർഷത്തെ കലോത്സവ വിജയികളായ തൃശൂരിന്റെ മണ്ണിലാണ് സ്വർണക്കപ്പ് സൂക്ഷിച്ചിട്ടുള്ളത്. ജില്ലയിലെ എല്ലാ സ്‌കൂളിലേക്കും സ്വർണക്കപ്പ് പര്യടനം നടത്തും.കാസർകോട് നിന്ന് ഘോഷയാത്രയായി തൃശൂരിലേക്ക് കപ്പ് കൊണ്ടുവരും.
മന്ത്രി കെ.രാജൻ ചെയർമാനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രി പ്രൊഫ.ആർ.ബിന്ദു, മേയർ എം.കെ.വർഗീസ്, എം.എൽ.എമാരായ പി.ബാലചന്ദ്രൻ, എ.സി.മൊയ്തീൻ, ഇ.ടി.ടൈസൺ, സനീഷ്‌കുമാർ ജോസഫ്, സേവ്യർ ചിറ്റിലപ്പിള്ളി, എം.കെ.അക്ബർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് , സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, സംഗീതനാടക അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.കെ.വാസുകി, എസ്.ഷാനവാസ്, എൻ.എസ്.കെ.ഉമേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |