തൃശൂർ: നഗരത്തെ അക്ഷാരാർത്ഥത്തിൽ ഭയപ്പെടുത്തുംവിധം സി.പി.എം - ബി.ജെ.പി ഏറ്റുമുട്ടൽ. പൊലീസ് ഇടപെടലിൽ ഒഴിവായത് വലിയ സംഘർഷം. ഇന്നലെ രാത്രി ഏട്ടിനാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസ് തകർത്തുവെന്നാരോപിച്ച് ബി.ജെ.പി നടത്തിയ മാർച്ചും ഇതിനെ നേരിടാൻ സി.പി.എം പ്രവർത്തകരും എത്തിയതാണ് സംഘർഷത്തിലേക്കു വഴിവച്ചത്. അഴീക്കോടൻ മന്ദരിത്തിലേക്കുള്ള റോഡിലാണ് പൊലീസ് മാർച്ച് തടഞ്ഞതോടെ സംഘർഷാവസ്ഥ ഉടലെടുത്തത്. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പി.കെ.ബാബു, പ്രവർത്തകരായ പ്രദീപ് മുക്കാട്ടുകര, രഞ്ജിത്ത് എന്നിവർക്ക് പരിക്കേറ്റു. പൊലീസുമായി ഉന്തുതള്ളുമായി. തുടർന്ന് ബി.ജെ.പി നേതാക്കൾ പ്രസംഗം അവസാനിപ്പിച്ച് പിരിഞ്ഞുപോകുന്ന ഘട്ടത്തിലേക്ക് എത്തിയപ്പോൾ സി.പി.എം ഓഫീസിൽ നിന്ന് ഏരിയാ സെക്രട്ടറി അനൂപ് കാടയുടെ നേതൃത്വത്തിൽ പ്രകടനവുമായെത്തി. പൊലീസ് ഇരു കൂട്ടരെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മുദ്രാവാക്യം മുഴക്കി പോർവിളി നടത്തി. ഇതിനിടയിൽ ഇരു ഭാഗത്തു നിന്നും കല്ലേറുമുണ്ടായി. ഇതോടെ രംഗം വഷളാകുമെന്ന സ്ഥിതിയിലെത്തി.
സി.പി.എം ഓഫീസലേക്ക് മാർച്ച്
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ഉണ്ടായ സി.പി.എം ആക്രമണത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം ജില്ലാ ഓഫീസലേക്ക് മാർച്ച് നടത്തി. സംസ്ഥാന സമിതി അംഗം അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു .സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷനായി. യുവമോർച്ച ജില്ലാ പ്രസിഡന്റ് സബീഷ് മരതയൂർ, ജില്ലാ ജനറൽ സെക്രട്ടറി പി.കെ.ബാബു, അഡ്വ. കെ.ആർ.ഹരി, മണ്ഡലം പ്രസിഡന്റ് അശ്വിൻ വാര്യർ, ജില്ലാ വൈസ് പ്രസിഡന്റ് സൗമ്യ സലീഷ്, വിൻഷി അരുൺകുമാർ, വിനോദ് പൊള്ളാഞ്ചേരി, മുരളി കൊളങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.
സി.പി.എം മാർച്ച്
ജനാധിപത്യ വോട്ടവകാശത്തെ അട്ടിമറിച്ചതിനെതിരെയും കന്യാസ്ത്രീകൾക്കെതിരെ നടന്ന അക്രമണങ്ങൾക്കെതിരെ മൗനം പാലിച്ച നിലപാടിലും പ്രതിഷേധിച്ച് സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപി.എം മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അനൂപ് ഡേവിസ് കാട അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ.ഷാജൻ, ജില്ലാ കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ്, വിൽവട്ടം ലോക്കൽ സെക്രട്ടറി ടി.ആർ.ഹിരൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |