തിരുവനന്തപുരം: സംസ്ഥാനത്ത് ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് മെച്ചപ്പെടുത്തി വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള നടപടികളും അനുമതികളും കെസ്വിഫ്റ്റിൽ(കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്‌പരന്റ് ക്ലിയറൻസ്) വേഗത്തിലാക്കുന്നു. സംരംഭങ്ങളുടെ അംഗീകാരങ്ങൾക്ക് അപേക്ഷിക്കാനും സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും പേയ്‌മെന്റുകൾ നടത്താനും ലൈസൻസുകൾ ഡൗൺലോഡ് ചെയ്യാനും ഈ പോർട്ടലിലൂടെ സാദ്ധ്യമാകും. 22 വകുപ്പുകളിലെ 120 സേവനങ്ങളാണ് ഇതിൽ ലഭ്യമാകുന്നത്. നിക്ഷേപ നിർദ്ദേശങ്ങൾക്ക് ഉടനടി അനുമതി നൽകും.
എം.എസ്.എം.ഇകൾക്ക് മൂന്നര വർഷത്തെ ഇൻ പ്രിൻസിപ്പൽ അപ്രൂവൽ ഉപയോഗിച്ച് പ്രവർത്തനം ആരംഭിക്കാം . മുൻകൂർ അംഗീകാരങ്ങൾക്കായി കാത്തിരിക്കേണ്ടതില്ല. തത്സമയ ആപ്ലിക്കേഷൻ ട്രാക്കിംഗ്, സ്റ്റാൻഡേർഡ് ടൈംലൈനുകൾ എന്നിവയുണ്ടാകും. നവീകരിച്ച കെസ്വിഫ്റ്റ് പോർട്ടലിലൂടെ 75,000ത്തിലധികം എം.എസ്.എം.ഇകൾ തുടങ്ങി.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 'റെഡ്' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത വ്യവസായ സംരംഭങ്ങൾക്ക് ഓട്ടോമാറ്റിക് അംഗീകാരത്തിന് അർഹതയുണ്ട്. ഈ പ്രക്രിയയ്ക്ക് സെൽഫ് സർട്ടിഫിക്കേഷൻ മതി. അപേക്ഷയും ഫീസും സമർപ്പിച്ചാൽ യോഗ്യതയുള്ള സംരംഭങ്ങൾക്ക് ഉടനടി അംഗീകാരം നൽകും. കെസ്വിഫ്‌റ്റിലെ പൊതു അപേക്ഷാ ഫോം (സി.എ.എഫ്) ഉപയോഗിച്ച് സംരംഭകർക്ക് ഒറ്റ അപേക്ഷയിലൂടെ വിവിധ വകുപ്പുകളിലെ ഒന്നിലധികം ലൈസൻസുകളും അംഗീകാരങ്ങളും ലഭിക്കും.
കെസ്വിഫ്‌റ്റ്
വ്യവസായങ്ങൾ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേഗത്തിലും സുതാര്യമായും അനുമതികൾ ലഭ്യമാക്കുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ് ഫോമാണ് കെസ്വിഫ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |