ജില്ലയിൽ ഇൻഷ്വർ ചെയ്തത് 4600 കന്നുകാലികളെ
പാലക്കാട്: ജില്ലയിലെ ക്ഷീരകർഷകർക്ക് ആശ്വാസമേകി മൃഗസംരക്ഷണ വകുപ്പിന്റെ കന്നുകാലി ഇൻഷ്വറൻസ് പദ്ധതി. 2025 ജനുവരി 10 മുതൽ ആഗസ്റ്റ് 10 വരെയാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കിയത്. ഈ കാലയളവിൽ ജില്ലയിൽ 4600 കന്നുകാലികളെ ഇൻഷ്വറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തി.
കർഷകർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ് പദ്ധതി. കന്നുകാലികളുടെ അകാല മരണം, പ്രത്യുൽപാദനശേഷി നഷ്ടപ്പെടൽ എന്നിവ മൂലം കർഷകർക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ലഘൂകരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മൃഗസംരക്ഷണ മേഖലയെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റി കർഷകർക്ക് സ്ഥിരവരുമാനം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ഓരോ കർഷകനും പരമാവധി അഞ്ച് കന്നുകാലികളെ വരെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താം. കന്നുകാലിയുടെ വില അനുസരിച്ചാണ് പ്രീമിയം തുക നിശ്ചയിക്കുന്നത്. 10,000 രൂപ മുതൽ 65,000 രൂപ വരെയാണ് ഒരു കന്നുകാലിയുടെ ഇൻഷ്വറൻസ് തുകയായി കണക്കാക്കുന്നത്. 65,000 രൂപ വിലയുള്ള ഒരു കന്നുകാലിക്ക് പൊതുവിഭാഗം കർഷകർ ഒരു വർഷത്തേക്ക് 1356 രൂപയും മൂന്ന് വർഷത്തേക്ക് 3319 രൂപയുമാണ് പ്രീമിയം നൽകേണ്ടത്. അതേസമയം, പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കർഷകർക്ക് ഒരു വർഷത്തേക്ക് 774 രൂപയും മൂന്ന് വർഷത്തേക്ക് 1892 രൂപയുമാണ് പ്രീമിയം. ഇൻഷ്വർ ചെയ്ത കന്നുകാലി മരണപ്പെട്ടാൽ കർഷകന് അതിന്റെ മുഴുവൻ തുകയും ലഭിക്കും. എന്നാൽ, പ്രത്യുത്പാദനശേഷി നഷ്ടപ്പെട്ടാൽ, ഇൻഷ്വറൻസ് തുകയുടെ 50 ശതമാനം ആനുകൂല്യമായി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |