ആലപ്പുഴ: കനത്ത മഴയും മണ്ണ് ഉൾപ്പെടെയുള്ള നിർമ്മാണസാമഗ്രികളുടെ ലഭ്യതക്കുറവും കാരണം ജില്ലയിൽ ദേശീയപാത നവീകരണം വീണ്ടും പ്രതിസന്ധിയിൽ. കാലവർഷം ആരംഭിച്ചശേഷം കഴിഞ്ഞ രണ്ട് മാസമായി തുറവൂർ- അരൂർ ഒഴികെ മറ്റ് രണ്ട് റീച്ചുകളിലും നിർമ്മാണം ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല. മണ്ണില്ലാത്തതിന്റെ പേരിലാണ് ജില്ലയിലെ രണ്ട് പ്രധാന റീച്ചുകൾ നിശ്ചലമായി തുടരുന്നത്. അതിനാൽ നിർമ്മാണ സ്ഥലങ്ങളെല്ലാം കനത്ത മഴയിൽ വെള്ളവും ചെളിയും മൂടി അപകടാവസ്ഥയിലാണ്. സംസ്ഥാനത്തെ ദേശീയ പാത നവീകരണത്തിൽ ഏറ്റവും പിന്നാക്ക അവസ്ഥയിലാണ് ആലപ്പുഴ. ഓരോ സ്ഥലത്തും പുതിയ പാതയുടെ നിർമ്മാണത്തിനനുസരിച്ച് മാത്രമേ പഴയ പാത പൊളിച്ച് ഉയരം കൂട്ടി ടാർ ചെയ്യാനാകൂ. മണ്ണ് ക്ഷാമവും മഴയും കാരണം പുതിയ പാതയുടെ നിർമ്മാണവും പഴയതിന്റെ നവീകരണവും സാദ്ധ്യമാകാത്ത സ്ഥിതിയാണ്. സ്ഥിരം അപകടമേഖലയാണെങ്കിലും ഉയരപ്പാതയായതിനാൽ അരൂർ- തുറവൂർ റീച്ചിലാണ് കനത്ത മഴയെ അവഗണിച്ചും അൽപ്പമെങ്കിലും നിർമ്മാണം നടക്കുന്നത്.
ഗർഡറുകൾ നിലംപതിച്ചതിനെ തുടർന്ന് നിർമ്മാണം പ്രതിസന്ധിയിലായ ആലപ്പുഴ ബൈപ്പാസിലും പുതിയ ബൈപ്പാസ് നിർമ്മാണം ഇഴഞ്ഞിഴഞ്ഞാണ് മുന്നേറുന്നത്. കരാർ കമ്പനി ജീവനക്കാരല്ലാതെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കാനോ, ഗുണനിലവാരം ഉറപ്പാക്കാനോ ഇവിടെ ആരുമില്ലാത്ത സ്ഥിതിയാണ്. സർവീസ് റോഡിൽ നിന്നുള്ള ഇടറോഡുകൾ ചെങ്കുത്തായി ഉയർത്തിയത് ഗതാഗതതടസത്തിനും താഴ്ന്ന പ്രദേശത്തെ വീടുകളെയും വ്യാപാര സ്ഥാപനങ്ങളെയും വെള്ളക്കെട്ടിലുമാക്കിയിട്ടുണ്ട്.
മണ്ണ് കിട്ടാനില്ലാത്തതും തിരിച്ചടി
1.ജില്ലയിൽ കൊറ്റുകുളങ്ങര- പറവൂർ, പറവൂർ - തുറവൂർ റീച്ചുകളിലാണ് ഏറ്റവുമധികം മണ്ണ് ആവശ്യമുള്ളത്. പറവൂർ - തുറവൂർ റീച്ചിൽ മാത്രം 20 ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് വേണ്ടത്. ഇതിൽ 5 ലക്ഷം ക്യൂബിക് മീറ്റർ മാത്രമാണ് എത്തിക്കാനായത്
2.ദേശീയപാതയുടെ പുതിയ രൂപരേഖ പ്രകാരം റോഡ് 45 മീറ്ററായി വീതി കൂട്ടിയ സ്ഥലം മണ്ണിട്ട് ഉയർത്തേണ്ടതുണ്ട്.അടിപ്പാതകളുള്ള സ്ഥലങ്ങളിൽ അപ്രോച്ച് റോഡുകളുടെ നിർമ്മാണത്തിന് ലോഡ് കണക്കിന് മണ്ണാണ് ആവശ്യമായി വരുന്നത്
3.കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്നാണ് ഇവിടേക്ക് ചെമ്മണ്ണ് എത്തിച്ചിരുന്നതെങ്കിലും കാലവർഷം കാരണം മലകളിൽ നിന്ന് മണ്ണിടിക്കാൻ റവന്യൂവകുപ്പും മൈനിംഗ് ആന്റ് ജിയോളജിയും അനുമതി നൽകുന്നില്ല
4.കാലവർഷത്തെത്തുടർന്ന് ദുരന്ത നിവരാണ അതോറിട്ടി ഏർപ്പെടുത്തിയ വിലക്കാണ് ഖനനത്തിനും മണ്ണ് ക്ഷാമത്തിനും ഇടയാക്കിയത്.പുന്നമടക്കായൽ ഖനനം ചെയ്യാൻ സർക്കാർ അനുമതി നൽകിയെങ്കിലും മഴ കാരണം അതും നടക്കാത്ത സ്ഥിതിയാണ്
മഴയാണ് പ്രധാന പ്രശ്നം. മണ്ണില്ലാത്തതിനാൽ എർത്ത് വർക്കുകൾ നടക്കുന്നില്ല. വെൽഡിംഗ് ജോലികൾക്ക് മഴ തടസമായത് പില്ലർ നിർമ്മാണത്തെയും ബാധിച്ചിട്ടുണ്ട്. ടാറിംഗും സാദ്ധ്യമല്ലാത്ത സ്ഥിതിയാണ്
-പ്രോജക്ട് ഓഫീസ്, എൻ.എച്ച്. എ.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |