ശിവഗിരി: ചിങ്ങം 1മുതൽ കന്നി 11വരെ നടക്കുന്ന ശ്രീനാരായണ മാസാചരണത്തിനും ധർമ്മചര്യായജ്ഞത്തിനും ഭക്തിനിർഭരമായ തുടക്കമായി. ചിങ്ങപ്പുലരിയിൽ ശിവഗിരിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളായിരുന്നു. വിവിധ ഇടങ്ങളിൽ നിന്നുള്ള വിശ്വാസികൾ രാവിലെ മുതലെത്തി ശാരദാമഠത്തിലും, വൈദികമഠത്തിലും,ബോധാനന്ദ സ്വാമി സമാധി മണ്ഡപത്തിലും പ്രാർത്ഥനയും വഴിപാടുകളും നിർവഹിച്ചു. മഹാസമാധിയിൽ പ്രത്യേക പൂജകൾക്കും പ്രാർത്ഥനക്കും ശേഷം ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി
സ്വാമി അസംഗാനന്ദഗിരി മാസാചരണവും ധർമ്മചര്യായജ്ഞവും ഉദ്ഘാടനം ചെയ്തു. മത്സ്യമാംസാദികളും ലഹരിവസ്തുക്കളും ഉപേക്ഷിച്ച് വ്രതം നോറ്റ് ആത്മവിശുദ്ധി കൈവരിക്കുന്നതിനുളള ഉത്തമോപാധിയാണ് ശ്രീനാരായണ മാസാചരണമെന്ന് സ്വാമി പറഞ്ഞു. സംസ്ഥാനത്തുടനീളം രണ്ടായിരത്തിൽപരം പ്രാർത്ഥനായോഗങ്ങളും ശിവഗിരിമഠം കേന്ദ്രമാക്കി 51 പ്രാർത്ഥനായോഗങ്ങളും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഗുരുദേവൻ ശ്രീനാരായണ ധർമ്മസംഘത്തിന്റെ അനന്തരഗാമിയായി ബോധാനന്ദസ്വാമിയെ നിയോഗിച്ചതിന്റെ ശതാബ്ദി സെപ്തംബർ 27നാണ്. പ്രാർത്ഥന, ധ്യാനം, ജപം, ഗുരുദേവകൃതികളുടെ പാരായണം, പ്രഭാഷണം, സമൂഹപ്രാർത്ഥന തുടങ്ങിയവ ഉൾപ്പെടുത്തി നടത്തുന്ന മാസാചരണത്തിലും ധർമ്മചര്യായജ്ഞത്തിലും പങ്കെടുത്ത് അനുഗൃഹീതരാകാൻ ഏവരോടും സ്വാമി അസംഗാനന്ദഗിരി അഭ്യർത്ഥിച്ചു.
ദൈവദശകം ഹാളിൽ നടന്ന യോഗത്തിൽ സഭാരജിസ്ട്രാർ കെ.ടി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, മാതൃസഭാ പ്രസിഡന്റ് ഡോ.അനിതാശങ്കർ, സെക്രട്ടറി ഷീജാഷാജി, കെ.രഘുനാഥൻ, യുവജനസഭാ കൺവീനർ അഡ്വ.സുബിത്ത് എസ്.ദാസ്, ജോയിന്റ് കൺവീനർ ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു. ശിവഗിരിമഠത്തിന്റെയും ഗുരുധർമ്മപ്രചരണസഭയുടെയും മാതൃ-യുവജനസഭയുടെയും സംയുക്താഭിമുഖ്യത്തിലാണ് ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും സംഘടിപ്പിച്ചിട്ടുളളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |