മലപ്പുറം: ഓണത്തിന് മുന്നോടിയായി രുചികരമായ സദ്യയൊരുക്കി ഇന്ന് മുതൽ കുടുംബശ്രീയും എത്തുന്നു. ജില്ലയിലെ 15 ബ്ലോക്കുകളിലായി 30 യൂണിറ്റുകളെയാണ് സദ്യയൊരുക്കാനായി കുടുംബശ്രീ ജില്ലാ മിഷൻ തിരഞ്ഞെടുത്തിരിക്കുന്നത്. നിലവിൽ 200ഓളം ആളുകൾക്കുള്ള 10 ഓർഡറുകളാണ് ലഭിച്ചിട്ടുള്ളത്. ജില്ലയിൽ ആദ്യമായാണ് കുടുംബശ്രീ ഇത്തരൊരു പദ്ധതിയുമായി എത്തുന്നത്. കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന കഫേ യൂണിറ്റുകൾ വഴിയാണ് സദ്യകൾ വീടുകളിൽ എത്തിച്ച് നൽകുക.
ചോറ്, അവിയൽ, സാമ്പാർ, പപ്പടം, അച്ചാർ, പച്ചടി, കിച്ചടി, പായസം, ഉപ്പേരി, രസം തുടങ്ങി തൂശനില വരെ ഭ്യമാക്കും. ആവശ്യക്കാരുടെ താത്‌പര്യം അനുസരിച്ച് വിഭവങ്ങൾ തിരഞ്ഞെടുക്കാനും എത്ര ഇനം വേണമെന്ന് തീരുമാനിക്കാനും സാധിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കേ സദ്യ ലഭിക്കൂ. ജില്ലയിൽ എവിടെ നിന്ന് വേണമെങ്കിലും സദ്യ ഓർഡർ ചെയ്യാം. എം.ഇ.സി (മൈക്രോ എന്റർപ്രൈസ് കൺസൽട്ടന്റ്)
ഗ്രൂപ്പുകളുടെയും ബ്ലോക്ക് കോഓർഡിനേറ്റർമാരുടെയും മേൽനോട്ടത്തിലാണ് കോൾ സെന്ററുകൾ പ്രവർത്തിക്കുക. തുടർന്ന്, ഏത് യൂണിറ്റിനാണ് നൽകേണ്ടതെന്ന് തീരുമാനിക്കും. തുടർന്ന് അതത് യൂണിറ്റുകൾക്ക് ഉപഭോക്താവിന്റെ നമ്പർ കൈമാറും.
എത്ര പേർക്ക് വരെ ചുരുങ്ങിയത് സദ്യ നൽകാം എന്ന് യൂണിറ്റുകൾക്ക് തീരുമാനിക്കാം. പോക്കറ്റ് മാർട്ട്, ഓണക്കിറ്റുകൾ തുടങ്ങിയവയ്ക്ക് പുറമോയാണ് കുടുംബശ്രീയുടെ കഫേ യൂണിറ്റുകൾ ഓൺസദ്യ തയ്യാറാക്കുന്നത്.
ഓർഡർ ചെയ്യാം
പെരുമ്പടപ്പ്, പൊന്നാനി, കുറ്റിപ്പുറം, തിരൂർ, താനൂർ ബ്ലോക്കിലുള്ളവർ 9995252211 നമ്പറിൽ വിളിച്ച് ഓർഡർ ചെയ്യാം.
തിരൂരങ്ങാടി, വേങ്ങര, കൊണ്ടോട്ടി, അരീക്കോട്, കാളികാവ് ബ്ലോക്കിലുള്ളവർക്ക് 8113932140 നമ്പറിൽ വിളിക്കാം.
മലപ്പുറം, മങ്കട, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ ബ്ലോക്കുകളിലുള്ളവർക്ക് 8714152198 നമ്പറിൽ വിളിക്കാം.
മലപ്പുറം, കാലിക്കറ്റ് സർവകലാശാല ഭാഗത്ത് നിന്നാണ് കൂടുതലും ഓർഡറുകൾ നിലവിൽ ലഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ഓർഡറുകളെത്തുമെന്നാണ് പ്രതീക്ഷ.
ബി.സുരേഷ് കുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |